ദുബൈയിൽ സ്കൂളുകൾക്ക് ഫീസ് വർധനക്ക് അനുമതി
text_fieldsദുബൈ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് അടുത്ത അധ്യയന വര്‍ഷം ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നല്കി. 2025-2026 അധ്യയനവര്‍ഷത്തില്‍ 2.35 ശതമാനം ഫീസ് വര്‍ധിപ്പിക്കാനാണ് അനുമതി. ഡിജിറ്റല്‍ ദുബൈ അതോറിറ്റിയുമായി സഹകരിച്ച് ദുബൈയിലെ സ്വകാര്യ സ്കൂളുകള്‍ സമര്‍പ്പിച്ച വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടുകൾ വിലയിരുത്തിയാണ് ഫീസ് വർധനക്ക് അതോറിറ്റി അനുമതി നൽകിയത്. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിനായി സ്കൂളിന്റെ പ്രവര്‍ത്തന ചെലവുകള്‍, ജീവനക്കാരുടെ വേതനം, മറ്റ് സേവനങ്ങള്‍, വാടക എന്നിവയെല്ലാം കണക്കിലെടുത്താണ് ഫീസ് വര്‍ധിപ്പിക്കാൻ തീരുമാനിച്ചത്.
ദുബൈ ഇൻസ്പെക്ഷൻ ബ്യൂറോ (ഡി.എസ്.ഐ.ബി) പുറത്തുവിട്ട ഫലവും വരവ് ചെലവ് കണക്കുകളും അനുസരിച്ച് ഓരോ സ്കൂളുകളുടെയും വ്യക്തിഗത ഗ്രേഡ് അടിസ്ഥാനമാക്കി ഫീസ് വർധിപ്പിക്കാം. ഒരു പ്രത്യേക അധ്യയന വർഷത്തേക്ക് മാത്രമേ ഫീസ് വർധന നടപ്പാക്കാൻ പാടുള്ളൂ. വരും അധ്യയന വർഷങ്ങളിലേക്ക് ഫീസ് വർധന ദീർഘിപ്പിക്കാൻ കഴിയില്ല. ദുബൈയിലെ സ്വകാര്യ സ്കൂളുകളുടെ ഓഡിറ്റ് ചെയ്ത സാമ്പത്തിക വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇ.സി.ഐ തയാറാക്കിയിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി ഒരു സ്വകാര്യ സ്കൂളിന് വരുന്ന പ്രവർത്തന ചെലവാണ് ഇത് സൂചിപ്പിക്കുന്നത്.
ഇതുപ്രകാരം നിലവിൽ ദുബൈയിലെ സ്കൂളുകളുടെ 2024-2025 അധ്യയന വർഷത്തെ ഇ.സി.ഐ 2.6 ശതമാനമാണ്. ശക്തവും സുതാര്യവുമായ രീതിശാസ്ത്രം അടിസ്ഥാനമാക്കിയാണ് ഇ.സി.ഐ സ്കൂൾ ഫീസിൽ മാറ്റം വരുത്തുന്നത്. ഇത് സ്കൂളുകൾക്ക് അവരുടെ വിഭവങ്ങൾ നിയന്ത്രിച്ചുകൊണ്ട് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ സഹായിക്കുമെന്ന് കെ.എച്ച്.ഡി.എയുടെ ലൈസൻസിങ് ആൻഡ് എജുക്കേഷൻ ഡയറക്ടർ ശമ്മ അൽ മൻസൂരി പറഞ്ഞു.നിലവിൽ ദുബൈയിൽ 227 സ്വകാര്യ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിൽ 185 രാജ്യങ്ങളിൽ നിന്നായി 3,87,441 കുട്ടികൾ വിദ്യാഭ്യാസം നേടുന്നു. 2023-24 അധ്യയന വർഷം ദുബൈയിലെ സ്കൂളുകളിലെ പ്രവേശന നിരക്കിൽ 12 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. കെ.എച്ച്.ഡി.എയുടെ കണക്കുകൾ പ്രകാരം 2024-25 അധ്യയന വർഷം വിദ്യാർഥികളുടെ രജിസ്ട്രേഷനിൽ ആറ് ശതമാനത്തിന്റെ അധിക വളർച്ച നേടുമെന്നും വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

