സ്കൂളുകൾ സജീവമായി; ആദ്യദിനം 95 ശതമാനം ഹാജർ
text_fieldsഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ ശൈത്യകാല അവധിക്ക് ശേഷം ക്ലാസിലെത്തിയ വിദ്യാർഥികൾ
ദുബൈ: ശൈത്യകാല അവധിക്ക് ശേഷം രാജ്യത്തെ സ്കൂളുകളിൽ തിങ്കളാഴ്ച അധ്യയനം ആരംഭിച്ചു. ആദ്യദിനത്തിൽ 95ശതമാനത്തോളം വിദ്യാർഥികൾ തിരിച്ചെത്തിയതായാണ് വിവിധ സ്കൂളുകൾ വിലയിരുത്തുന്നത്. ആഴ്ചകൾ നീണ്ട അവധിക്ക് ശേഷം തിരിച്ചെത്തിയ കുട്ടികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും സ്കൂൾ അധികൃതർ പൂർത്തിയാക്കിയിരുന്നു.
അധ്യാപകരും മറ്റു ജീവനക്കാരും നേരത്തെ സ്കൂളുകളിലെത്തി കുട്ടികളെ സ്വീകരിച്ചു. സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ റോഡുകളിൽ ചില സ്ഥലങ്ങളിൽ തിരക്ക് ദൃശ്യമായി. അതിരാവിലെയും സ്കൂൾ വിട്ടുപോകുന്ന സമയത്തും സ്കൂൾ ബസുകൾ കൂടി നിരത്തിലിറങ്ങിയതോടെയാണ് ഗതാഗതത്തിരക്ക് അനുഭവപ്പെട്ടത്.
അതേസമയം സ്കൂൾ സോണുകളിലും മറ്റും പൊലീസ് പ്രത്യേക പട്രോളിങ് നടത്തിയതിനാൽ ഗതാഗതക്കുരുക്ക് നിയന്ത്രണവിധേയമായിരുന്നു.2025-26 അധ്യയനവർഷത്തെ സെക്കൻഡ് ടേമിലേക്ക് രാജ്യത്തെ 11ലക്ഷം വിദ്യാർഥികളാണ് തിങ്കളാഴ്ച സ്കൂളുകളിക്കേ് മടങ്ങിയത്. കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 12വരെയുള്ള ക്ലാസുകളിലെല്ലാം ശൈത്യകാല അവധിക്ക് ശേഷം വീണ്ടും അധ്യയനം പുനരാരംഭിച്ചു. ഡിസംബർ എട്ട് മുതലാണ് വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ആരംഭിച്ചത്.
ചില വിദ്യാലയങ്ങളിൽ രണ്ടാഴ്ചമാത്രമായിരുന്നു അവധി. ക്രിസ്മസ് ആഘോഷത്തിനും പുതുവർഷാഘോഷത്തിനും ശേഷമാണ് 2026ലെ ആദ്യ അധ്യയനദിനത്തിനായി വിദ്യാർഥികൾ വിദ്യാലയങ്ങളിൽ എത്തിച്ചേരുന്നത്. ഏഷ്യൻ വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകളുടെയും പഠന പ്രവർത്തനങ്ങളുടെയും കാലമാണ് വരാനിരിക്കുന്നത്.യു.എ.ഇ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും രണ്ടാം പാദത്തിനാണ് തുടക്കമായിരിക്കുന്നത്. രാജ്യത്തെ സ്കൂളുകളുടെ വെള്ളിയാഴ്ചയിലെ പ്രവൃത്തിസമയത്തിൽ പ്രഖ്യാപിച്ച മാറ്റം ഈ ആഴ്ച മുതൽ നടപ്പാക്കും. അടുത്ത വെള്ളിയാഴ്ച മുതലാണ് പരിഷ്കരിച്ച സമയം സ്കൂളുകളിൽ നടപ്പാക്കുക. രാജ്യത്ത് ജുമുഅ പ്രാർഥന സമയം ഉച്ച 12.45 ആയി ഏകീകരിച്ച പശ്ചാത്തലത്തിലാണ് പ്രവൃത്തി സമയമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

