അജ്മാനിലെ സ്കൂള്‍ തട്ടിപ്പ്; പുതിയ അഡ്മിഷന് നെട്ടോട്ടം
text_fieldsസ്കൂൾ പ്രവർത്തിച്ച കെട്ടിടം
അജ്മാന്: അധികൃതര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ച സ്കൂളിന്റെ പേരിലെ തട്ടിപ്പിനിരയായ രക്ഷിതാക്കൾ മറ്റ് സ്കൂളുകളില്‍ അഡ്മിഷന് തേടി നെട്ടോട്ടത്തിൽ. പ്രവര്‍ത്തനാനുമതിയില്ലാത്തത് മറച്ചുവെച്ച് സ്കൂള്‍ അധികൃതര്‍ നിരവധി പേരെയാണ് കബളിപ്പിച്ചത്. ഫീസിനത്തില്‍ വലിയ തുക നഷ്ടമായെങ്കിലും തങ്ങളുടെ കുട്ടികളുടെ ഭാവി നഷ്ടമാകാതിരിക്കാന്‍ പുതിയ സ്കൂൾ തേടുകയാണ് മാതാപിതാക്കൾ. ഏകദേശം 1500ലധികം വിദ്യാർഥികളാണ് കബളിപ്പിക്കപ്പെട്ടത്. സ്കൂളിന്റെ പ്രവര്‍ത്തനാനുമതി നിഷേധിക്കപ്പെട്ട വിവരം മറച്ചുവെച്ച് വിദ്യാര്‍ഥികളില്‍നിന്ന് അഡ്മിഷന് സ്വീകരിക്കുകയായിരുന്നു സ്കൂള്‍ അധികൃതര്‍.
ഓരോ കുട്ടിക്കും അഡ്മിഷന് റിസര്‍വ് ചെയ്യുന്നതിനായി 500 ദിർഹം വീതം ഈടാക്കിയിരുന്നു. ഈ വകയില്‍ ലക്ഷക്കണക്കിന് ദിര്‍ഹം സ്കൂള്‍ അധികൃതര്‍ കൈക്കലാക്കിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഫീസിനത്തില്‍ 6000 ദിർഹം മുതല്‍ 15,000 ദിർഹം വരെ നൽകിയവരുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഔദ്യോഗിക രേഖകൾ രജിസ്ട്രേഷൻ സമയത്ത് സ്കൂളിൽ സമർപ്പിച്ചതിനാല്‍ കുട്ടികളെ മറ്റൊരു സ്കൂളിൽ ചേർക്കാൻ കഴിയാത്ത അവസ്ഥയില്പെട്ടവരുമുണ്ട്.
അധികൃതര്‍ നിര്‍ദേശിച്ച മാർഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാൽ സ്കൂൾ തുറക്കാൻ അനുമതിയില്ലാത്ത തീരുമാനം അധികൃതര്‍ മറച്ചുവെക്കുകയും ആകര്‍ഷകമായ ഓഫര്‍ നല്കി കൂടുതല്‍ ആളുകളില്‍നിന്നും വലിയ തുക കൈപ്പറ്റുകയുമായിരുന്നു. അജ്മാൻ സാമ്പത്തിക വികസന വകുപ്പ് സ്കൂള്‍ അടച്ചുപൂട്ടിയതായി പ്രഖ്യാപിച്ച് സ്റ്റിക്കര്‍ പതിച്ചത് കണ്ട രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ്, സ്കൂള്‍ ഡയറക്ടറെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

