റമദാനിലെ വെള്ളിയാഴ്ചകളിൽ സ്കൂൾ പഠനം ഓൺലൈനാകും
text_fieldsദുബൈ: റമദാനിലെ വെള്ളിയാഴ്ചകളിൽ രാജ്യത്തെ പൊതു സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം. വീട്ടിലിരുന്ന് പഠിക്കാനുള്ള സംവിധാനം വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ‘റമദാൻ കുടുംബത്തോടൊപ്പം’ സംരംഭത്തിന്റെ ഭാഗമായാണ് സർക്കാർ സ്കൂളുകളിൽ വിദൂര പഠനത്തിന് അനുമതി നൽകിയിരിക്കുന്നത്. റമദാൻ മാസത്തിൽ കുടുംബങ്ങൾക്ക് ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാനുള്ള ലക്ഷ്യത്തോടെ പദ്ധതി കഴിഞ്ഞ വർഷവും നടപ്പിലാക്കിയിരുന്നു.
റമദാൻ മാസത്തിലെ സ്കൂൾ സമയം സംബന്ധിച്ച് വിവിധ എമിറേറ്റുകളിലെ സ്വകാര്യ സ്കൂൾ നിയന്ത്രണ സംവിധാനങ്ങൾ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. റമദാൻ സമയക്രമം സ്വന്തമായി നിശ്ചയിക്കാൻ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി (എസ്.പി.ഇ.എ) അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, സ്കൂൾ സമയം ആറ് മണിക്കൂറിൽ കൂടരുതെന്ന് ഔദ്യോഗിക സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃത അക്കാദമിക് കലണ്ടറിന്റെയും പാഠ്യപദ്ധതിയുടെയും ആവശ്യകതകൾ അനുസരിച്ച്, പഠന തുടർച്ചയും നിലവാരവും ഉറപ്പാക്കിക്കൊണ്ട്, റമദാനിൽ സ്കൂളുകളുടെ തുടക്ക, അവസാന സമയങ്ങൾ സ്കൂളുകൾക്ക് നിശ്ചയിക്കാമെന്ന് സർക്കുലറിൽ പറയുന്നു. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ നിയന്ത്രണ സ്ഥാപനമായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി റമദാൻ സ്കൂൾ സമയങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂൾ സമയം അഞ്ച് മണിക്കൂറിൽ കൂടാൻ പാടില്ലെന്നും വെള്ളിയാഴ്ചകളിൽ രാവിലെ 11.30ന് അവസാനിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

