പെൺമക്കൾക്ക് ലക്ഷം രൂപ സ്കോളർഷിപ്; ഏറ്റുവാങ്ങി മാതാപിതാക്കൾ
text_fieldsദുബൈ: മിടുക്കികളായ പെൺമക്കൾക്ക് ഏർപെടുത്തിയ ലക്ഷം രൂപയുടെ സ്കോളർഷിപ് ലോക വനിത ദിനത്തിൽ ഏറ്റുവാങ്ങി 25 മാതാപിതാക്കൾ. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് 25 ലക്ഷം രൂപയുടെ സ്കോളർഷിപ് വിതരണം ചെയ്തത്. വനിത സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ആരംഭിച്ച പെൺകുട്ടികൾക്കുവേണ്ടിയുള്ള ‘അൽമിറ’ സ്കോളർഷിപ് കഴിഞ്ഞ ജനുവരിയിലാണ് പ്രഖ്യാപിച്ചത്.
നാട്ടിൽ ഹയർ സെക്കൻഡറി പൊതുപരീക്ഷ എഴുതുന്ന 25 പെൺകുട്ടികൾക്കാണ് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ് ലഭിച്ചത്. ആയിരത്തോളം അപേക്ഷകരിൽനിന്ന് പെൺകുട്ടികൾക്ക് പ്ലസ് വണ്ണിൽ ലഭിച്ച മാർക്കിന്റെയും യു.എ.ഇയിൽ ജോലി ചെയ്യുന്ന രക്ഷിതാവിന്റെ സാമ്പത്തിക സാഹചര്യവും പരിഗണിച്ചാണ് അർഹരായവരെ തെരഞ്ഞെടുത്തത്.
ഓരോ രക്ഷിതാവിനും മക്കളെക്കുറിച്ച് സ്വപ്നങ്ങളുണ്ടെന്നും പെൺകുട്ടികളുടെ പുരോഗമനം വിദ്യാഭ്യാസത്തിലൂടെ എന്ന ആശയം ഉൾക്കൊണ്ടാണ് മകളുടെ പേരിൽ ‘അൽമിറ’ സ്കോളർഷിപ് പ്രഖ്യാപിച്ചതെന്നും വേൾഡ് സ്റ്റാർ ഹോൾഡിങ് എം.ഡി ഹസീന നിഷാദ് പറഞ്ഞു. വിദ്യാഭ്യാസമാണ് എല്ലാത്തിനേക്കാളും പ്രധാനമെന്നും അതിന് സഹായിക്കുന്നതിൽ സന്തോഷമുണ്ടെന്നും കമ്പനി ചെയർമാൻ നിഷാദ് ഹുസ്സൈൻ പറഞ്ഞു. ദുബൈ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

