ഫിലിപ്പീൻസിൽനിന്ന് സഹായം ആവശ്യപ്പെട്ട് മലയാളിയുടെ തട്ടിപ്പ്
text_fieldsഫുജൈറ: വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ് ഫിലിപ്പീൻസില്‍ കുടുങ്ങിക്കിടക്കുകയാണെന്നും പിഴയടക്കാന്‍ 365 ദിര്‍ഹം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ട് മലയാളി യുവാവ് നടത്തിയ അഭ്യർഥനകൾ തട്ടിപ്പാണെന്ന് ആരോപണം. കണ്ണൂർ സ്വദേശിയും നേരത്തെ യു.എ.ഇയിൽ പ്രവാസിയുമായിരുന്ന യുവാവിനെതിരെയാണ് വ്യാപകമായ പരാതി ഉയരുന്നത്.
സമൂഹ മാധ്യമങ്ങളിൽനിന്ന് മൊബൈൽ നമ്പറുകൾ സംഘടിപ്പിച്ച് ബോട്ടിമിലൂടെയും മറ്റുമാണ് യു.എ.ഇയിലെ പ്രവാസികളെ ഇയാൾ വലയിലാക്കാറ്. പരിയാരം മെഡിക്കല്‍കോളജിലെ കാര്‍ഡിയോളജിസ്റ്റിന്റെ മരുമകന് ആണെന്നും ഇയാൾ അവകാശപ്പെടുന്നു. 2008 മുതല്‍ അബൂദബിയില്‍ ലേബർ റിക്രൂട്ട്മെന്റ് ഏജൻസിയില്‍ ഒരു ബന്ധുവിന്റെ സ്ഥാപനത്തിലായിരുന്നു ജോലിയത്രെ.
ഇവരുടെ ആവശ്യാർഥം ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ പോകാറുണ്ട്. 2018ല്‍ സ്ഥാപനവുമായുണ്ടായ അഭിപ്രായ വ്യത്യാസം കാരണം ജോലി വിട്ട് സ്വന്തം സ്ഥാപനം തുടങ്ങി. ഫിലിപ്പീൻസിലെ ഏജന്റുമായി ബന്ധപ്പെട്ടാണ് ആളുകളെ എത്തിച്ചിരുന്നത്. അബൂദബിയിലെ സ്ഥാപനത്തിലേക്ക് തൊഴിൽ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നാട്ടില്‍നിന്നും വലിയ തുക ലോണ്‍ എടുത്ത് ഫിലിപ്പീന് ഏജന്റിനു അയച്ചു നൽകിയെങ്കിലും അയാൾ ചതിച്ചു. ഇത് അന്വേഷിക്കാന്‍ ഫിലിപ്പീനിൽ എത്തിയതായിരുന്നു.
വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ പിഴയടക്കാന്‍ 365 (5280 പെസോ) ദിര്‍ഹം കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഫിലിപ്പീനില്നിന്നുള്ള ഫോണ്‍ നമ്പറില്‍നിന്ന് മലയാളികളെ ബന്ധപ്പെടുക. അബൂദബിയില്‍ എത്തിയാല്‍ ഉടനെ പണം തിരിച്ചുനല്‍കാം എന്നും പറയുന്നുണ്ട്. ഇതേ കഥ തന്നെയാണ് എല്ലാവരോടും പറയുന്നത്.
ഫുജൈറയില്‍ കച്ചവടക്കാരനായ സുഹൃത്ത് ഇയാളുടെ ആവശ്യപ്രകാരം 350 ദിര്‍ഹം അബൂദബിയിലെ ഫിലിപ്പീന് സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുനൽകിയിരുന്നു. പിന്നാലെ രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല എന്ന് പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെടുകയും 350 ദിര്‍ഹം കൂടി നൽകുകയും ചെയ്തു. വീണ്ടും പല കാരണങ്ങള്‍ പറഞ്ഞു പണം ആവശ്യപ്പെട്ടതോടെ ചതിയാണെന്നു മനസ്സിലായി.
ഇതേ ആവശ്യം പറഞ്ഞ് കല്‍ബയില്‍ ട്രാവല്‍സ് ഉടമയേയും ഇയാൾ ബന്ധപ്പെട്ടിരുന്നെങ്കിലും സംശയം തോന്നിയതോടെ പരിയാരം മെഡിക്കല്‍കോളജിലെ കാര്‍ഡിയോളജിസ്റ്റിനെ വിളിച്ച് ഇയാൾ ബന്ധുവാണോ എന്ന് അന്വേഷിച്ചെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. മുമ്പും മറ്റൊരാള്‍ ഡോക്ടറെ ഇതേ കാര്യം അന്വേഷിച്ച് വിളിച്ചിരുന്നതായും അറിഞ്ഞു. കള്ളക്കളി വെളിച്ചത്തായതോടെ ഇയാൾ ട്രാവൽസ് ഉടമയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു.
കുറെ കാലമായി ഇയാള്‍ ഈ തട്ടിപ്പ് തുടരുന്നുണ്ടെന്നും പലര്‍ക്കും ഇയാളില്‍നിന്നും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമാണ് അറിയാനായത്. ആർക്കും സംശയം തോന്നാത്ത വിധം ഇയാളുടെ പാസ്പോര്‍ട്ട് കോപ്പി, വിസ കോപ്പി എന്നീ രേഖകള്‍ അയച്ചു കൊടുത്തും സഹതാപം നേടാന്‍ വിഷമങ്ങള്‍ വിഡിയോ കാള്‍ വഴി കരഞ്ഞു പറഞ്ഞുമാണ് ആളുകളെ ഇയാള്‍ വലയില്‍ കുടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

