പേരിൽ, വരയിൽ ശൈഖ് സായിദിന് രണ്ട് പ്രവാസി സമർപ്പണങ്ങൾ
text_fieldsഅബൂദബി: ഇമാറാത്തികളെ പോലെ പ്രവാസികളും ഹൃദയച്ചെപ്പിൽ ആദരവോടെ കാത്തുസൂക്ഷിക്കുന്ന നാമമാണ് ശൈഖ് സായിദ്. തങ്ങൾക്കും യഥേഷ്ടം ജീവിതവിഭവം തേടാവുന്ന സ്വപ്ന ഭൂമിയാക്കി ഇൗ രാജ്യത്തെ വികസിപ്പിക്കുന്നതിന് അമരത്തിരുന്ന് പ്രവർത്തിച്ച രാഷ്ട്രപിതാവിനോടുള്ള വൈകാരിക ബന്ധം മുറിയാതെ സൂക്ഷിച്ചുപോരുന്നതിൽ അവർ അതീവ ശ്രദ്ധാലുക്കളാണ്.
കിട്ടാവുന്ന എല്ലാ അവസരങ്ങളും ബാബ സായിദിനോടുള്ള ഇഷ്ടവും സ്നേഹവും പ്രകടിപ്പിക്കാൻ അവർ ഉപയോഗിക്കുന്നു. കല, സാഹിത്യം, സേവനം, ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയവയൊക്കെ ഇതിന് വേദിയാക്കി മാറ്റുന്നു. ചിലർ സ്വന്തം ജീവിതയാത്ര തന്നെ ഇതിനായി ഉപയോഗിക്കുന്നു. ശൈഖ് സായിദിെൻറ നൂറാം ജന്മവാർഷികം ആഘോഷിക്കുന്ന ഇൗ മഹത്തായ വേളയിൽ ഒരു മലയാളി കുടുംബവും ഒരു പോളിഷ് അധ്യാപികയുമാണ് ഇൗ സ്നേഹ പ്രകടനത്തിെൻറ പുതിയ സാക്ഷ്യമായിരിക്കു
ന്നത്. കാസർകോട് പടന്ന സ്വദേശികളായ മുഖ്താർ^സുഹൈറ ദമ്പതികളും അബൂദബി ശൈഖ് സായിദ് പ്രൈവറ്റ് അക്കാദമി ഫോർ ഗേൾസിൽ അധ്യാപികയായ കാഷ സീകോവ്സ്കയും. അവരുടെ സമർപ്പണ കഥകളിലൂടെ...
പെരുന്നാൾ കുഞ്ഞിന് പേര് വിളിച്ചു, ‘സായിദ്’

അബൂദബി: സായിദ് വർഷത്തിലെ ബലി പെരുന്നാൾ സുദിനത്തിൽ അബൂദബിയിൽ ജോലി ചെയ്യുന്ന മുഖ്താറിനും ഭാര്യ സുഹൈറക്കും രണ്ട് സമ്മാനങ്ങളാണ് വന്നണഞ്ഞത്. ഒന്ന് പ്രളയത്തിൽ മുങ്ങിയ മലയാളനാടിന് ആശ്വാസമായി യു.എ.ഇയുടെ സഹായധന പ്രഖ്യാപനം പുറത്തുവന്നത്. രണ്ട്: നാലു വർഷത്തെ കാത്തിരിപ്പിനു ശേഷം ആദ്യത്തെ കൺമണി പിറന്നത്. ത്യാഗത്തിെൻറ മഹാ ദിനത്തിൽ പിറന്ന കുഞ്ഞിന് എന്തു പേരു വിളിക്കണമെന്ന് മുഖ്താറും സുഹൈറയും രണ്ടാമതൊന്നാലോചിച്ചില്ല. മക്കൾക്ക് സജ്ജനങ്ങളുടെ, മഹാത്മാക്കളുടെ പേരു നൽകണമെന്നാണല്ലോ, മനുഷ്യരെ ഇത്രമേൽ സ്നേഹിക്കാനും ചേർത്തുപിടിക്കാനും പഠിപ്പിച്ച യു.എ.ഇ രാഷ്ട്രപിതാവിെൻറ പേരു തന്നെയാവെട്ട മകനും എന്നു തീരുമാനിച്ചു. ജനിച്ചയുടൻ ആചാര പ്രകാരം കാതിൽ ബാങ്ക് ചൊല്ലിക്കൊടുത്ത ശേഷം മനോഹരമായ നാമം അവർ കുഞ്ഞിന് ചാർത്തിനൽകി^‘സായിദ്’.
അബൂദബി എന്.എം.സി റോയല് വിമൻസ് ആശുപത്രിയിലായിരുന്നു കുഞ്ഞിെൻറ ജനനം. പ്രതീക്ഷിച്ചതിനേക്കാള് രണ്ടാഴ്ച നേരത്തേ പിറന്ന കുഞ്ഞു സായിദും ഉമ്മയും സുഖമായിരിക്കുന്നു.

ശൈഖ് സായിദിെൻറ നൂറ് ഛായാപടങ്ങൾ പൂർത്തിയാക്കാൻ കാഷയുടെ ചിത്രാഞ്ജലി
ശൈഖ് സായിദിെൻറ നേതൃത്വത്തിെൻറയും കാഴ്ചപ്പാടുകളുടെയും വ്യത്യസ്ത കാഴ്ചകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് രണ്ടിന് തുടങ്ങിയതാണ് കാഷ സീകോവ്സ്കയുടെ ചിത്രരചന. ഒാരോ ദിവസവും ശൈഖ് സായിദിെൻറ പോർട്രെയ്റ്റ് വരക്കുകയാണ് ഇൗ പോളിഷ് ചിത്രകാരി. വ്യത്യസ്ത മാധ്യമങ്ങളുപയോഗിച്ചുള്ള പെയ്ൻറിങ്ങുകൾ അതത് ദിവസം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ (www.instagram.com/kasia_dzikowska/) പോസ്റ്റ് ചെയ്യുന്നുമുണ്ട്.
വെള്ളിയാഴ്ച 17ാമത്തെ ചിത്രമാണ് കാഷ വരക്കുന്നത്. യു.എ.ഇയുടെ ദേശീയദിനമായ ഡിസംബർ രണ്ടോടെ 100 ചിത്രങ്ങൾ പൂർത്തീകരിക്കുകയാണ് ഉദ്ദേശ്യം. ചില ചിത്രങ്ങൾ പൂർത്തിയാക്കാൻ ഒന്നിലധികം ദിവസം എടുക്കുന്നതായി കാഷ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 100 ചിത്രങ്ങളും പൂർത്തിയായ ശേഷം പ്രദർശനം സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇതിനായി ചർച്ച നടത്തി വരികയാണെന്നും അവർ അറിയിച്ചു.
പെൻസിൽ, ജലച്ചായം, ആക്രിലിക്, സോഫ്റ്റ് പേസ്റ്റൽസ്, മിക്സഡ് മീഡിയ, മഷി, മോണോ ക്രേമാറ്റിക് കൊളാഷ്, ഫ്ലവർ കൊളാഷ് എന്നിവയിലെല്ലാം കാഷ ശൈഖ് സായിദിെൻറ ചിത്രം വരച്ചിട്ടുണ്ട്. പൂക്കൾ ഉപയോഗിച്ച് െകാളാഷ് തയാറാക്കാൻ 45 മണിക്കൂർ വേണ്ടി വന്നു. ശൈഖ് സായിദ് പ്രൈവറ്റ് അക്കാദമി ഫോർ ഗേൾസിലെ ഗ്രാജ്വേഷൻ ചടങ്ങിൽ ഉപയോഗിച്ച റോസപൂക്കളാണ് ഇതിനായി ഉപയോഗിച്ചത്.
2009ൽ യു.എ.ഇയിലെത്തിയ കാഷയുടെ ചിത്രങ്ങളിൽ ഇമാറാത്തി സമൂഹത്തിലെ വനിതകളുടെ ശക്തമായ സ്വാധീനം കാണാം. പൊതുവെ ജലച്ചായം, മഷി, ആക്രിലിക് എന്നിവ ഉപയോഗിക്കുന്ന ഇവർ ഇൻസ്റ്റലേഷൻ തയാറാക്കുന്നതിലും ഏറെ തൽപരയാണ്. റാസൽഖൈമ ആർട്സ് ഫെസ്റ്റിവലിൽ കല വിഭാഗത്തിൽ കാഷയുടെ ‘നോട്ടീസ് മി’ സീരീസിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ദുബൈയിൽ ചിത്രപ്രദർശനം സംഘടിപ്പിച്ച ഇവർ നേരത്തെ ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളിലും പ്രദർശനങ്ങളിൽ പെങ്കടുത്തിട്ടുണ്ട്.