സൗദി ദേശീയദിനം; ദുബൈയിൽ സ്മാർട്ട് ഗേറ്റുകൾ പച്ചനിറത്തിൽ പ്രകാശിപ്പിച്ചു
text_fieldsദുബൈ വിമാനത്താവളത്തിൽ സൗദി പൗരന്മാരെ ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നു
ദുബൈ: സൗദി അറേബ്യയുടെ 94ാമത് ദേശീയദിനം ആഘോഷിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. ആഘോഷത്തോടനുബന്ധിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകൾ പച്ചനിറത്തിൽ പ്രകാശിപ്പിച്ചു. കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും എയർപോർട്ടിലെത്തുന്ന കുട്ടികളെ വരവേറ്റു. ദുബൈ എയർപോർട്ടിലെ പാസ്പോർട്ട് കൺട്രോൾ മേഖലയിൽ സൗദി സന്ദർശകരെ പൂക്കളും അറബിക് കോഫിയും ഈത്തപ്പഴവും നൽകിയാണ് രാജ്യത്തേക്ക് വരവേറ്റത്.
എയർപോർട്ടിലെ ഫ്രണ്ട്ലൈൻ ഉദ്യോഗസ്ഥർ ഇരുരാജ്യങ്ങളുടെയും പതാകകൾ പതിച്ച ഷാളുകളും അണിഞ്ഞിരുന്നു. സന്ദർശകരുടെ പാസ്പോർട്ടിൽ പ്രത്യേക മുദ്രയുള്ള സ്റ്റാമ്പ് പതിപ്പിച്ചു നൽകി. ഡുവിന്റെ സൗജന്യ സിംകാർഡും ഒപ്പം സമ്മാന ബോക്സുകളും വിതരണം ചെയ്തിരുന്നു.ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി യു.എ.ഇ-സൗദി സൗഹൃദത്തിന്റെ ആഴവും തന്ത്രപരമായ പങ്കാളിത്തവും എടുത്തുപറഞ്ഞു. സൗദി സന്ദർശകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

