ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി ‘സഖര്‍ ഹ്യുമാനിറ്റേറിയന്‍ കപ്പൽ’ പുറപ്പെടും
text_fieldsശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി
റാസല്‍ഖൈമ: ഗസ്സയിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി നിർദേശിച്ചു.
സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് കീഴില്‍ സംഭരിക്കുന്ന ഭക്ഷണവും അവശ്യവസ്തുക്കളും ‘സഖര്‍ ഹ്യുമാനിറ്റേറിയന്‍ ഷിപ്പി’ല്‍ ഗസ്സയിലെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതിലൂടെ യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് യു.എ.ഇ ആരംഭിച്ച ‘ഓപറേഷന്‍ ഗാലന്‍റ് നൈറ്റ് 3’ സഹായ ദൗത്യത്തെ റാസല്‍ഖൈമ പിന്തുണക്കുകയാണ്.
ദുരിതബാധിത ജനതയോടൊപ്പം നില്‍ക്കുന്ന യു.എ.ഇയുടെ ഉറച്ച മനുഷ്യാവകാശ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ഫൗണ്ടേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. യുദ്ധത്തിന്‍റെ തുടക്കംമുതൽ ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്ന യു.എ.ഇ നിലവിലും ജീവകാരുണ്യ സംരംഭങ്ങൾ തുടരുകയാണ്.
ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തര സഹായവസ്തുക്കളുമായി പുറപ്പെട്ട യു.എ.ഇയുടെ കപ്പൽ ദിവസങ്ങൾക്കുമുമ്പ് ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തെത്തിയിരുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ആദരവായി അദ്ദേഹത്തിന്‍റെ പേര് നൽകിയ കപ്പലിൽ 7,300ലേറെ ടൺ സഹായ വസ്തുക്കളാണുള്ളത്.
അവശ്യ ഭക്ഷ്യവസ്തുക്കൾ, തണുപ്പുകാല വസ്ത്രങ്ങളും കുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമായ പോഷക സപ്ലിമെന്‍റുകൾ എന്നിവ കപ്പലിൽ എത്തിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സഹായങ്ങൾ എത്തിക്കുന്ന മുൻനിര രാജ്യങ്ങളിൽ ഒന്നായി യു.എൻ നവംബറിൽ യു.എ.ഇയെ വിലയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

