സംരംഭകരെ ആദരിച്ചില്ലെങ്കില്‍ കേരളം നേരിടാന്‍ പോകുന്നത് വലിയ ദുരന്തം -സന്തോഷ് ജോര്‍ജ് കുളങ്ങര
text_fieldsഅബൂദബി മാര്‍ത്തോമ യുവജനസഖ്യത്തിന്റെ സുവര്‍ണ ജൂബിലി പരിപാടികളുടെ സമാപന
സമ്മേളനത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തുന്നു
അബൂദബി: വരുംതലമുറയെ എങ്കിലും സംരംഭകരാക്കാനുള്ള ലക്ഷ്യവുമായി മുന്നേറിയില്ലെങ്കില്‍ കേരളം നേരിടാന്‍ പോകുന്നത് വലിയ ദുരന്തമായിരിക്കുമെന്ന് സഞ്ചാരിയും സാമൂഹിക നിരീക്ഷകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. അബൂദബി മാര്‍ത്തോമ യുവജനസഖ്യത്തിന്റെ സുവര്‍ണ ജൂബിലി പരിപാടികളുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 50 വര്‍ഷമായി ലോകത്തിന്റെ വിവിധ കോണുകളിലേക്കു ചേക്കേറുന്ന മലയാളി സമൂഹം ഇന്ന് കൂടുതല്‍ രൂക്ഷമായി ചിന്നിച്ചിതറുന്ന കാഴ്ചയാണ്. എങ്ങനെയെങ്കിലുമൊരു തൊഴില്‍ നേടുന്നതിന് ലക്ഷ്യമിടുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ സമൂലം പരിഷ്കരിച്ച്, അടുത്ത തലമുറയെ എങ്കിലും ഈ മണ്ണിലെ സംരംഭകരാക്കുന്ന നടപടിക്ക് ഇന്നേ തുടക്കമിടണം.
നാളെ നമ്മുടെ തലമുറക്ക് അത് നേരിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് സംരംഭകരെ ആദരിക്കുന്ന പുതിയ രാഷ്ട്രീയ-സാമൂഹിക സാഹചര്യം കേരളത്തില്‍ ഒരുക്കപ്പെടണം. മനുഷ്യന്റെ ആവശ്യങ്ങളെ കണ്ടറിഞ്ഞുള്ള സംരംഭങ്ങള്‍ക്കാണ് വിജയമെന്നും കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ മെയ്വഴക്കത്തോടെ പെരുമാറുന്നതിലാണ് സംരംഭകരുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ജിജു ജോസഫ് അധ്യക്ഷത വഹിച്ചു. സഹ വികാരി അജിത് ഈപ്പന് തോമസ്, മാര്‍ത്തോമ യുവജനസഖ്യം കേന്ദ്ര സെക്രട്ടറി ഫിലിപ് മാത്യു, ജനറല്‍ കണ്‍വീനര്‍ ജിനു രാജന്, സെക്രട്ടറി അനില്‍ ബേബി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ദിപിന് വര്‍ഗീസ് പണിക്കര്‍, ഇടവക വൈസ് പ്രസിഡന്റ് ബിജു പാപ്പച്ചന് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ യുവജനസഖ്യത്തിനു നേതൃത്വം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

