സേവനത്തിന് ഇനി സ്വന്തം ബ്രാൻഡ്
text_fieldsദുബൈ: കോവിഡ് കാലത്തെ അതിജീവിക്കാൻ നിസ്തുലമായ സേവനങ്ങളിലൂടെ സഹജീവികളെ ചേർത്തുപിടിക്കുന്ന അബൂദബി കെ.എം.സി.സി കമ്മിറ്റി വേറിട്ട പ്രവർത്തനവുമായി രംഗത്ത്. കെ.എം.സി.സി എന്ന പേരിൽതന്നെ ഹാൻഡ് സാനിറ്റൈസറുകൾ ഉൽപാദിപ്പിച്ചാണ് അബൂദബി കെ.എം.സി.സി മെഡിക്കൽ വിങ് കോവിഡ് സുരക്ഷ കിറ്റുകൾ വിതരണത്തിനെത്തിക്കുന്നത്. 100 മില്ലിലിറ്ററിെൻറ പതിനായിരത്തോളം സാനിറ്റൈസറുകളാണ് ഇത്തരത്തിൽ ഉൽപാദിപ്പിച്ചിട്ടുള്ളത്. ഫേസ്മാസ്ക്, ഗ്ലൗസ്, വൈപ്പർ, ഡെറ്റോൾ എന്നിവയടങ്ങിയ കോവിഡ് സുരക്ഷ കിറ്റിൽ ഇനി ‘കെ.എം.സി.സി സാനിറ്റൈസറും’ ഉൾപ്പെടുത്തിയായിരിക്കും വിതരണം നടത്തുന്നത്.
എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ശാസ്ത്രീയമായ രീതിയിൽതന്നെയാണ് സാനിറ്റൈസർ നിർമിച്ചിട്ടുള്ളതെന്ന് മെഡിക്കൽ വിങ് കോഓഡിനേറ്റർ അസീസ് ആറാട്ടുകടവ് പറഞ്ഞു. 20ൽപരം ഡോക്ടർമാരും നിരവധി മെഡിക്കൽ സ്റ്റാഫുമുൾപ്പെടുന്ന കെ.എം.സി.സി മെഡിക്കൽ വിങ് നാളിതുവരെ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയുള്ളത്. ടെലി കൺസൾട്ടേഷൻ, കൗൺസലിങ് സെൻറർ, ഔഷധ വിതരണം എന്നിവയും മെഡിക്കൽ വിങ്ങിെൻറ ഭാഗമായി നടക്കുന്നുണ്ട്. ഫാർമസികളുമായി സഹകരിച്ചാണ് മരുന്നുവിതരണം നടത്തുന്നത്. കൂടാതെ ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്ക് സൗജന്യ വൈദ്യസഹായവും വിങ് സംഘടിപ്പിക്കുന്നുണ്ട്. അവശ്യമരുന്നുകൾ നാട്ടിൽനിന്നെത്തിച്ച് വിതരണം ചെയ്യുന്നതിലും പ്രത്യേക ശ്രദ്ധയാണ് മെഡിക്കൽ വിങ് പുലർത്തുന്നത്. മുഹമ്മദ് ആലം, സഫീഷ് അസീസ്, അസീസ് ആറാട്ടുകടവ് എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കൽ വിങ് പ്രവർത്തിക്കുന്നത്. മുഴുവൻ സമയ വളൻറിയർമാരായി തൗഫീഖ് പൂത്തേരി, സാബിർ ഹസൻ കാഞ്ഞങ്ങാട്, ഷുഹൈബ് ബേക്കൽ, നാസർ കോളിയടുക്കം, ഹബീബ് ഷംനാട്, റൗഫ് നാദാപുരം എന്നിവരും പ്രവർത്തിക്കുന്നു.