ഷാർജയിലെ സലൂണുകൾക്ക് പുതിയ നിർദേശങ്ങൾ
text_fieldsഷാർജ: കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഷാർജ മുനിസിപ്പാലിറ്റി എല്ലാ സലൂണുകളിലും പുതിയ ശുചിത്വ നിയമങ്ങളും ആരോഗ്യ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഹെയർ ഡ്രസിങ് സലൂണുകളിലെയും ബ്യൂട്ടി സെൻററുകളിലെയും ജോലിക്കാർ കൈയുറകളും മുഖംമൂടികളും ധരിക്കാൻ സിവിൽ ബോഡി നിർദേശം നൽകിയിട്ടുണ്ടെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ താബിത് സലീം അൽ താരിഫി പറഞ്ഞു. ഉപഭോക്താക്കളുടെ തിരക്ക് ഒഴിവാക്കാനും ശരിയായ വായുസഞ്ചാരം നിലനിർത്താനും സലൂണുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാപന ഉടമകൾ വ്യക്തിഗത ശുചിത്വത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും സലൂൺ ഉപഭോക്താക്കൾക്ക് ഹാൻഡ് സാനിറ്റൈസർ നൽകുകയും തുടർച്ചയായി കൈ കഴുകേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുകയും വേണം.എന്തെങ്കിലും പ്രശ്നം റിപ്പോർട്ട് ചെയ്യണമെങ്കിൽ 993 എന്ന നമ്പറിൽ മുനിസിപ്പാലിറ്റിയുമായി ആശയവിനിമയം നടത്താൻ മടിക്കരുതെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. നഗരസഭയിലെ ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളും നടക്കുമെന്നും പാളിച്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി ഉണ്ടാകുമെന്നും താരിഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
