Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വകാര്യ കമ്പനികളിൽ...

സ്വകാര്യ കമ്പനികളിൽ ശമ്പളം ഒന്നാം തീയതി

text_fields
bookmark_border
സ്വകാര്യ കമ്പനികളിൽ ശമ്പളം ഒന്നാം തീയതി
cancel

ദുബൈ: സ്വകാര്യ മേഖലയിലെ കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകണമെന്നത്​ നിർബന്ധമാക്കി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (എം.ഒ.എച്ച്​.ആർ.ഇ). 2026 ജൂൺ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും. വേതന സംരക്ഷണവും തൊഴിൽ നിയമപാലനവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്​. 2026ലെ മിനിസ്റ്റീരിയൽ റെസല്യൂഷൻ നമ്പർ 340 അനുസരിച്ച്, മന്ത്രാലയം അംഗീകരിച്ച വേതന സംരക്ഷണ സംവിധാനം (ഡബ്ല്യു.പി.എസ്​) വഴിയോ മറ്റ് ഔദ്യോഗിക പേയ്‌മെന്റ് സംവിധാനങ്ങൾ വഴിയോ മുൻ മാസത്തെ ശമ്പളം കൈമാറിയിരിക്കണം. നിശ്ചിത തീയതിക്ക് ശേഷം നടത്തുന്ന എല്ലാ പേയ്‌മെന്റും ശമ്പളം വൈകിയതായി കണക്കാക്കും. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്വകാര്യ സ്ഥാപനങ്ങളും നിയമപ്രകാരം ശമ്പളം നൽകിയെന്ന് തെളിയിക്കുന്ന രേഖകളും വിവരങ്ങളും സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഒരു കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് നൽകാനുള്ള ആകെ വേതനത്തിന്റെ 85 ശതമാനമെങ്കിലും കൃത്യസമയത്ത് കൈമാറണം. എന്നാൽ മാത്രമേ ആ കമ്പനി നിയമം പാലിച്ചതായി കണക്കാക്കൂ. ശമ്പളത്തിന്റെ 85 ശതമാനമെങ്കിലും ലഭിക്കുകയും ബാക്കി തുക നിയമപരമായ കുറക്കലുകളിൽ (പിടിത്തങ്ങൾ) ഉൾപ്പെടുകയും ചെയ്താൽ അത് ശമ്പളം നൽകാത്തതായി കണക്കാക്കില്ല.

ശമ്പളം വൈകിയാൽ കർശന ശിക്ഷാനടപടികളാണ് അധികൃതർ നിശ്ചയിച്ചിരിക്കുന്നത്. ദിവസങ്ങൾ കൂടുന്നതിനനുസരിച്ച്​​ നടപടികളുടെ രീതിയിൽ മാറ്റവുമുണ്ടാകും. ശമ്പളം മുടങ്ങി രണ്ടാം ദിവസം മുതൽ ഇലക്ട്രോണിക് നിരീക്ഷണം ആരംഭിക്കുകയും മുന്നറിയിപ്പ് നോട്ടീസുകൾ നൽകുകയും ചെയ്യും. അഞ്ചു ദിവസമായാൽ കമ്പനികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് തടഞ്ഞേക്കാം. ലംഘനങ്ങളെക്കുറിച്ച് തൊഴിലുടമകളെ ഔദ്യോഗികമായി അറിയിക്കുകയും കുടിശിക തീർക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ആറ് മാസത്തിനകം ശമ്പള വിതരണം വൈകിയത്​ ആവർത്തിച്ചാൽ നിലവിലുള്ള കാബിനറ്റ് ചട്ടങ്ങൾ പ്രകാരം അധിക അഡ്മിനിസ്ട്രേറ്റീവ് പിഴകൾ ഈടാക്കും. ഒപ്പം, നിയമലംഘനം നടത്തുന്ന കമ്പനികളെ മൂന്നാം ബിസിനസ്​ ക്ലാസിഫിക്കേഷൻ കാറ്റഗറിയിലേക്ക് താഴ്ത്തും. ശമ്പളം 15-ാം ദിവസവും വിതരണം ചെയ്തില്ലെങ്കിൽ തൊഴിലാളികൾക്ക്​ വ്യക്തിഗതമോ കൂട്ടായോ തൊഴിൽ തർക്കങ്ങൾ രജിസ്റ്റർ ചെയ്യാം. 25-ഓ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികൾക്കോ കൺസ്ട്രക്ഷൻ, ട്രാൻസ്പോർട്ട്, സ്റ്റോറേജ്, സെക്യൂരിറ്റി, ക്ലീനിങ്, റിക്രൂട്ട്‌മെന്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കോ കൂടുതൽ വർക്ക് പെർമിറ്റ് സസ്‌പെൻഷനുകൾ ഏർപ്പെടുത്തിയേക്കാം.

അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികളിൽ ശമ്പള വിതരണം 21-ാം ദിവസത്തിലും നടന്നില്ലെങ്കിൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് കൈമാറുന്നത് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന്​ മന്ത്രാലയം വിശദീകരിക്കുന്നു. കൂടാതെ, കുടിശികയുള്ള ശമ്പളം ഈടാക്കുന്നതിനായി അധികൃതർക്ക് എൻഫോഴ്‌സ്‌മെന്റ് ഉത്തരവുകൾ പുറപ്പെടുവിക്കാം. മുൻകരുതൽ എന്ന നിലയിൽ കമ്പനി ആസ്തികൾ കണ്ടുകെട്ടാനും കമ്പനി ഭാരവാഹികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനും കഴിയും. ഒപ്പം, നിയമനടപടികൾ സ്വീകരിക്കുന്നതിനായി മറ്റ് സർക്കാർ സ്ഥാപനങ്ങൾക്ക്​ നിർദ്ദേശം നൽകുകയും ചെയ്യാം.

വേതന സംരക്ഷണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടവർ

തൊഴിൽ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ, ജോലിക്ക് ഹാജരാകാത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട ജീവനക്കാർ, ശമ്പളമില്ലാത്ത അവധിയിലുള്ളവർ, വിദേശ സ്ഥാപനങ്ങൾ യു.എ.ഇക്ക് പുറത്ത് വെച്ച് ശമ്പളം നൽകുന്ന വിദേശ തൊഴിലാളികൾ എന്നിവരെ വേതന സംരക്ഷണ കണക്കുകൂട്ടലുകളിൽ നിന്ന് ഒഴിവാക്കിയതായും അധികൃതർ വിശദീകരിക്കുന്നു. മൂന്ന് മാസത്തിൽ താഴെയുള്ള താൽക്കാലിക വർക്ക് പെർമിറ്റുകൾ, മത്സ്യബന്ധന ബോട്ടുകൾ, സ്വദേശികളുടെ ഉടമസ്ഥതയിലുള്ള പബ്ലിക് ടാക്സികൾ, ബാങ്കുകൾ, ആരാധനാലയങ്ങൾ എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്​. ശമ്പള വിതരണ ചുമതലകൾ നിർവഹിക്കാൻ കമ്പനികൾക്ക് മൂന്നാം കക്ഷികളെ ചുമതലപ്പെടുത്താമെങ്കിലും കൃത്യസമയത്ത് ശമ്പളം നൽകുന്നുവെന്ന്​​ ഉറപ്പാക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം തൊഴിലുടമയ്ക്ക് മാത്രമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salaryprivate companiesgulf
News Summary - Salary on the first day in private companies
Next Story