ശമ്പള തർക്കം; ജീവനക്കാരിക്ക് പരമോന്നത കോടതിയിൽനിന്ന് അനുകൂല വിധി
text_fieldsഅബൂദബി: 18 മാസം ജോലിക്ക് ഹാജരാവാതെ ശമ്പളയിനത്തിലും മറ്റും കൈപ്പറ്റിയ 13.3 ലക്ഷം ദിര്‍ഹം ജീവനക്കാരി തിരികെ നല്‍കണമെന്ന കീഴ്ക്കോടതിയുടെയും അപ്പീല്കോടതിയുടെയും വിധി ഭാഗികമായി തള്ളി അബൂദബിയിലെ പരമോന്നത കോടതി. 2014ൽ ആണ് യുവതി സ്ഥാപനത്തിൽ ജോലിക്ക് കയറുന്നത്.
95,630 ദിർഹമായിരുന്നു പ്രതിമാസ ശമ്പളം. 2024ൽ യുവതിയെ കമ്പനി പിരിച്ചുവിട്ടു. ഇതിനെതിരെ യുവതി ലേബർ കോടതിയെ സമീപിച്ചു. ശമ്പളയിനത്തിൽ 5,73,785 ദിര്‍ഹവും പിരിച്ചുവിട്ടതിന് നഷ്ടപരിഹാരമായി 2,86,892 ദിര്‍ഹവും ഗ്രാറ്റ്വിറ്റിയിനത്തില് 3,24,330 ദിര്‍ഹവും പിരിച്ചുവിടലിലൂടെ നേരിട്ട മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി അഞ്ചുലക്ഷം ദിര്‍ഹവും ഈ തുക നല്കുന്നതു വരെ 12 ശതമാനം പലിശയും കമ്പനി നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
ഇതിനെതിരെ കമ്പനി എതിർഹരജി നൽകി. കൃത്യമായി കാരണം ബോധിപ്പിക്കാതെ ജീവനക്കാരി 18 മാസം അവധിയിലായിരുന്നെന്നും ഈ കാലയളവിൽ കൈപ്പറ്റിയ 13.3 ലക്ഷം ദിർഹം തിരികെ നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കമ്പനിയുടെ അപ്പീൽ പരിഗണിക്കുകയും യുവതി 13.3 ലക്ഷം ദിർഹം നൽകണമെന്നും നിർദേശിച്ചു. ഇതിനെതിരെ യുവതി അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധി ശരിവെക്കുകയായിരുന്നു. തുടർന്നാണ് യുവതി പരമോന്നത കോടതിയെ സമീപിക്കുന്നതും അനുകൂല വിധി നേടുന്നതും.
കീഴ്ക്കോടതിയും അപ്പീല്‍കോടതിയും വിധി പ്രസ്താവത്തില്‍ ഗുരുതര വീഴ്ച വരുത്തിയതായി പരമോന്നത കോടതി കണ്ടെത്തി. സര്‍ക്കാര്‍ അംഗീകൃത മെഡിക്കല്‍ ലീവോടെ പരാതിക്കാരി ചികിത്സക്കായി രോഗിയെ വിദേശത്തേക്ക് അനുഗമിച്ചെന്നു തെളിയിക്കുന്ന ആരോര്യവകുപ്പില് നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കീഴ്ക്കോടതികള്‍ കണക്കിലെടുത്തില്ലെന്ന് പരമോന്നത കോടതി കുറ്റപ്പെടുത്തി. ജീവനക്കാരി അകാരണമായി ലീവെടുത്തുവെന്ന് തെളിയിക്കാന്‍ കമ്പനി യാതൊരുവിധ അന്വേഷണവും നടത്തിയില്ലെന്നത് കീഴ്ക്കോടതികള്‍ കണക്കിലെടുത്തില്ലെന്നും പരമോന്നത കോടതി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

