ശമ്പള കുടിശ്ശിക: ഇന്ത്യൻ പ്രവാസിക്ക് 4.75 ലക്ഷം ദിർഹം നൽകാൻ വിധി
text_fieldsഅബൂദബി: 19 മാസത്തെ ശമ്പള കുടിശ്ശികയും വിരമിക്കൽ ആനുകൂല്യങ്ങളും ചേർത്ത് 4.75 ലക്ഷം ദിർഹം ജീവനക്കാരന് നൽകാൻ സ്വകാര്യ സ്ഥാപനത്തോട് ഉത്തരവിട്ട് അബൂദബി ലേബർ കോടതി. 15 വർഷമായി ഈ സ്ഥാപനത്തിൽ സിവിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ഇന്ത്യൻ പ്രവാസിക്ക് അനുകൂലമായാണ് ഉത്തരവ്. വർഷങ്ങളായി ശമ്പളം മുടങ്ങിയതോടെ ഇക്കഴിഞ്ഞ ഏപ്രിലിൽ ഇയാൾ സ്ഥാപനത്തിൽ നിന്ന് രാജിവെച്ചിരുന്നു.
എന്നാൽ, 19 മാസത്തെ ശമ്പളമായ മൂന്നു ലക്ഷം ദിർഹവും മറ്റ് വിരമിക്കൽ ആനുകൂല്യവും നൽകാൻ സ്ഥാപനം തയ്യാറായില്ല. തുടർന്ന് ഇയാൾ ജൂണിൽ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന് പരാതി സമർപ്പിച്ചുവെങ്കിലും മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടു. ഇതോടെ മന്ത്രാലയം കേസ് അബൂദബി ലേബർ കോടതിക്ക് കൈമാറി.
ജോലി നഷ്ടപ്പെട്ടതോടെ മാനസികമായി നിരവധി പ്രയാസങ്ങൾ ജീവനക്കാരൻ നേരിട്ടതായി ഇദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകളും കോടതിയിൽ സമർപ്പിച്ചു. ഈ രേഖകൾ വിശദമായി പരിശോധിച്ച കോടതി മുഴുവൻ ആനുകൂല്യങ്ങളും ശമ്പള കുടിശികയും ജീവനക്കാരന് നൽകാൻ സ്ഥാപനത്തോട് ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

