സലാലയിലെ അപകടം: ഞെട്ടൽ വിട്ടുമാറാതെ ദൃക്സാക്ഷികൾ
text_fields
ദുബൈ: പെരുന്നാൾ അവധിയാഘോഷിക്കാൻ ദുബൈയിൽ നിന്ന് സലാലയിലേക്ക് പോയി ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ. ഞായറാഴ്ചയാണ് ഉത്തരേന്ത്യക്കാരെന്ന് സംശയിക്കുന്ന അഞ്ചുപേരെ ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിൽ ബീച്ചിൽ കാണാതായത്. കടൽ പ്രക്ഷുബ്ദമായത് പരിഗണിക്കാതെ ബാരിക്കേഡ് മറികടന്നവരാണ് അപകടത്തിൽ പെട്ടെതെന്ന് സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ദുബൈയിൽ പ്രവാസിയായ തമിഴ്നാട് സ്വദേശി രാജു 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ കേട്ട് ആളുകൾ ഓടിക്കൂടുന്നതാണ് ആദ്യം കണ്ടത്. ആ സമയത്ത് കടലിൽ നോക്കിയപ്പോൾ ഒരാൾ ഒഴുകിപ്പോകുന്നത് കണ്ടു. നീന്തലറിയുന്നവർക്കോ മറ്റോ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നില്ല. മഴയും കാറ്റും കാരണമായി കടൽ ഇളകിമറിയുകായായിരുന്നു -രാജു പറഞ്ഞു. ദുബൈയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പമാണ് ഇദ്ദേഹം ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി സലാലയിലെത്തിയത്. ബാരിക്കേഡ് മറികടന്ന് നൂറുക്കണക്കിന് ആളുകൾ തീരത്തേക്ക് ഇറങ്ങിയിരുന്നെന്നും എന്നാൽ അപകടത്തിലായത് കൂടുതൽ കടലിന്‍റെ ഉള്ളിലേക്ക് പ്രവേശിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ സംഘമായെത്തിയവരിൽ കുറച്ചു പേരാണ് അപകടത്തിൽ പെട്ടത്. ഇവർ ഹിന്ദിയിലാണ് സംസാരിച്ചത്. പതപോലെ കാണുന്ന തിരമാല ഒറ്റനോട്ടത്തിൽ അപകടകാരിയല്ലെന്ന് തോന്നിയതിനാലാവാം കടലിൽ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
അപകടം നടന്നയുടൻ പൊലീസും രക്ഷാപ്രവർത്തകരും ആംബുലൻസും മറ്റു സന്നാഹങ്ങളുമായി എത്തി. സുരക്ഷാ ഉദ്യോഗസ്ഥർക്കും അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുമായിരുന്നില്ല. പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ആൾകൂട്ടത്തെ മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത് -രാജു പറഞ്ഞു. അപകടത്തിന്‍റെ ഞെട്ടലിൽ സംഭവദിവസം തന്നെ യാത്ര മതിയാക്കി ദുബൈയിലേക്ക് മടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

