28 വർഷത്തെ പ്രവാസം; സംതൃപ്തിയോടെ സാജിദ് മടങ്ങുന്നു
text_fieldsസാജിദ് അവിനിവീട്
ദുബൈ: 1997 ജൂണിൽ യു.എ.ഇയിൽ എത്തിച്ചേർന്ന് നീണ്ട മൂന്ന് പതിറ്റാണ്ടോളം പ്രവാസിയായ കോഴിക്കോട് ബേപ്പൂർ സ്വദേശി സാജിദ് അവിനിവീട് നാട്ടിലേക്ക് മടങ്ങുന്നു. യു.എ.ഇയിൽ വന്നിറങ്ങിയ അതേവർഷം ഡിസംബറിൽ ലുലു സൂപ്പർമാർക്കറ്റിൽ ജോലിക്ക് ചേർന്ന അദ്ദേഹം, തുടർച്ചയായി 28 വർഷം അതേ സ്ഥാപനത്തിലാണ് ജോലി ചെയ്തതെന്ന പ്രത്യേകതയുമുണ്ട്.
ലുലുവിന്റെ ദുബൈ കറാമയിലെ സൂപ്പർമാർക്കറ്റിൽ കാഷ്യറായാണ് ജോലിയിൽ പ്രവേശിച്ചത്. നിലവിൽ 300 ഓളം ഔട്ട്ലെറ്റുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലുലുവിന്റെ ദുബൈയിലെ ആദ്യ സൂപ്പർമാർക്കറ്റായിരുന്നു കറാമയിലേത്. അബൂദബിയിൽ വെച്ച് എം.എ. യൂസുഫലി നടത്തിയ ഇന്റർവ്യൂവിനെ തുടർന്നാണ് സാജിദിന് ജോലി ലഭിക്കുന്നത്.
തന്റെ സ്ഥാപനത്തിന്റെ വളർച്ചയും യു.എ.ഇയുടെ വളർച്ചയും അടുത്ത് നിന്ന് കാണാൻ സാധിച്ച സാജിദിന്, ലുലുവിലെ ജീവിതത്തിൽ പൂർണ തൃപ്തിയാണുള്ളത്. കുടുംബത്തെ നല്ല രീതിയിൽ പരിചരിക്കാനും അവർക്ക് വേണ്ടതെല്ലാം ചെയ്യാനും പ്രവാസം തുണയേകിയെന്ന് അദ്ദേഹം പറയുന്നു. ലുലുവിന്റെ ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലെ 15 ഷോപ്പുകളിൽ ജോലി ചെയ്തിട്ടുണ്ട്. പ്രവാസത്തിൽ 10 വർഷം കുടുംബം കൂടെയുണ്ടായിരുന്നു. ഇതിനും സഹായവും സൗകര്യവും നൽകിയത് ലുലു ഗ്രൂപ്പ് തന്നെയായിരുന്നു. കാഷ്യർ, സൂപ്പർവെസർ, കസ്റ്റമർ സർവീസ് മാനേജർ, അസി. മാനേജർ-സൂപ്പർമാർക്കറ്റ്, മാനേജർ-സൂപ്പർമാർക്കറ്റ് എന്നിങ്ങനെ വിവിധ പദവികളിലിരുന്ന് സ്റ്റോർ ഹെഡ് എന്ന പദവിയിലാണ് വിരമിക്കുന്നത്.
നാട്ടിൽ സ്വന്തമായി ബിസിനസ് ആസൂത്രണം ചെയ്താണ് പ്രവാസത്തിൽ നിന്ന് മടങ്ങുന്നത്. പ്രവാസം ആരംഭിച്ചതിന് ശേഷം റമദാൻ നോമ്പുകാലം നാട്ടിൽ കൂടാൻ സാധിച്ചിട്ടില്ല. ഈ വർഷം റമദാൻ നാട്ടിൽ കൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. 19ാം വയസ്സിൽ യു.എ.ഇയിൽ എത്തിയ തനിക്ക് നല്ല സുഹൃത്തുക്കളും നല്ല ബന്ധങ്ങളുമാണ് പ്രവാസം സമ്മാനിച്ചതെന്ന് സാജിദ് ഓർത്തെടുക്കുന്നു. ഭാര്യ: ജുംലത്ത്. മുഹമ്മദ് സിനാൻ, ജുവാന ഖദീജ, മുഹമ്മദ് ഇസാൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

