സെയ്ഫ് റാശിദ് ഹമറൈന്‍ ലണ്ടനിൽ നിര്യാതനായി
text_fieldsസെയ്ഫ് റാശിദ്
ഹമറൈന്‍
റാസല്‍ഖൈമ: പ്രശസ്ത വ്യവസായിയും ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന റാസല്‍ഖൈമ സ്വദേശി സെയ്ഫ് റാശിദ് ഹമറൈന്‍ (86) ലണ്ടനില്‍ നിര്യാതനായി. ചികിത്സാര്‍ഥമാണ് ലണ്ടനിലെത്തിയത്.
കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ജോലിചെയ്തിട്ടുള്ള സെയ്ഫ് റാശിദ് യു.എ.ഇ രൂപവത്കരണത്തോടെ യു.എ.ഇയിലെത്തി വ്യാപാര-നിക്ഷേപ രംഗത്ത് സജീവമായി. ദുബൈ, റാസല്‍ഖൈമ എമിറേറ്റുകളിലാണ് അദ്ദേഹത്തിന് ബിസിനസ് സംരംഭങ്ങളുള്ളത്.
ചെറുപ്രായത്തിലേ ബിസിനസ് രംഗത്ത് പ്രവേശിച്ച സെയ്ഫ് റാശിദ് നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ പഠനചെലവുകള്‍, വൈദ്യചികിത്സ, പാര്‍പ്പിട നിര്‍മാണം, യാത്രാ ചെലവുകള്‍, രാജ്യത്തിനകത്തും പുറത്തുമായി മസ്ജിദുകളുടെ നിര്‍മാണം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ സംഭാവനകളര്‍പ്പിച്ച വ്യക്തിത്വമായിരുന്നു. അബൂ റാശിദ് എന്ന് വിളിക്കപ്പെടുന്ന സെയ്ഫ് റാശിദ് ഹമറൈന്റെ നിര്യാണത്തില്‍ വിവിധ തുറകളിലുള്ളവര്‍ അനുശോചിച്ചു. ലണ്ടനില്‍ നിന്നെത്തിക്കുന്ന മൃതദേഹം റാസല്‍ഖൈമ നാദിയയിലെ വസതിയില്‍ എത്തിച്ചശേഷം ഖബറടക്കം നടത്തും.

