അതിർത്തിക്ക് അപ്പുറവും ഇപ്പുറവും ജീവിക്കുന്നത് മനുഷ്യരാണ് ഭായീ...
text_fieldsഅൽഐൻ: അതിർത്തിക്ക് അപ്പുറവും ഇപ്പുറവും നിന്ന് പരസ്പരം ശത്രുക്കളെന്നു വിളിച്ചു കൂവുന്നവർ ഇൗ മനുഷ്യനെയൊന്ന് കാണണം. ദേശത്തിെൻറയും മതത്തിെൻറയും പേരിൽ വൈരത്തി െൻറ മതിലുകൾ കെട്ടുന്നകാലത്ത് അപകടത്തിൽ മരിച്ച ഇന്ത്യക്കാരെൻറ ഭൗതികദേഹം ഉറ് റവർക്കരികിലെത്തിക്കാൻ ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന പാക് സ്വദേശി സാഹിദ് അഹ് മദ് നൂറിനെ. 15 ദിവസം മുമ്പാണ് താമസിക്കുന്ന കെട്ടിടത്തിെൻറ മുകളിൽനിന്ന് വീണ് ഉത്തർപ്രദേശ് അഅ്സംഗഢ് സ്വദേശി ചന്ദ്രിക കേദാർ (44 ) മരണപ്പെട്ടത്. അബൂദബിയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച രാത്രി എയർഇന്ത്യ വിമാനത്തിൽ ബനാറസിലേക്ക് എത്തിക്കാനായെങ്കിൽ അതിൽ സാഹിദ് നൂർ വഹിച്ച പങ്ക് നിസ്തുലമാണ്. ഇദ്ദേഹം ജോലിചെയ്തിരുന്ന കമ്പനിയിലെ സരോജ് കമലേഷ് മൃതദേഹത്തെ അനുഗമിച്ചിട്ടുണ്ട്.

അൽഐൻ സനാഇയയിൽ അൽ ഹസൻ ടൈപ്പിങ് സെൻറർ നടത്തുന്ന അഷ്റഫ് പിണങ്ങോട് സംഭവം വിവരിക്കുന്നത് ഇങ്ങനെ: നിരവധി വർഷങ്ങളായി പരിചയമുള്ള സാഹിദ് അഹ്മദ് നൂർ വലിയ സങ്കടത്തോടെയാണ് തിങ്കളാഴ്ച ഓഫിസിലേക്ക് വന്നത്. കാര്യം തിരക്കിയപ്പോഴാണ് കൈയിൽ ഒരു ഇന്ത്യൻ പാസ്പോർട്ട് കാണുന്നത്. ജിജ്ഞാസ കണ്ടിട്ടാവണം; ഒട്ടും സമയം കളയാതെ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു. കെട്ടിടത്തിൽനിന്ന് വീണ് മരണപ്പെട്ട ചന്ദ്രിക കേദാറിെൻറ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള പേപ്പർ വർക്കുകളിൽ പരിചയക്കുറവ്കൊണ്ട് പ്രയാസപ്പെട്ട് നിൽക്കുകയായിരുന്നു അദ്ദേഹത്തിെൻറ കമ്പനി അധികാരികൾ. മരണ സർട്ടിഫിക്കറ്റും മറ്റും കമ്പനിതന്നെ ശരിയാക്കിയിരുന്നു. എന്നാൽ, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട വിവിധ പേപ്പറുകൾ പെെട്ടന്ന് ശരിയാക്കാൻ അവർക്ക് സാധിച്ചില്ല.
കാര്യങ്ങൾ മനസ്സിലാക്കിയ നൂർ അതുവരെ തയാറാക്കിയ മരണ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ നൽകിയാൽ മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള കാര്യങ്ങൾ താൻ ചെയ്യാമെന്ന് ഉറപ്പു നൽകുകയായിരുന്നു. അങ്ങനെയാണ് തെൻറ പരിചയത്തിലുള്ള ടൈപ്പിങ് സെൻററിൽ എത്തുന്നത്. താമസിപ്പിക്കരുത് എന്ന് ശാഠ്യംപിടിച്ച അദ്ദേഹത്തിന് ആവശ്യമായ പേപ്പറുകൾ ശരിയാക്കിക്കൊടുത്തശേഷം സഹായത്തിന് ഇത്തരം കാര്യങ്ങളിൽ സേവന പരിചയമുള്ള ജാബിർ മാടമ്പത്തിനെ പരിചയപ്പെടുത്തി. അദ്ദേഹം ഉടനെ മൃതദേഹ പരിപാലനരംഗത്ത് പ്രവർത്തിക്കുന്ന ഹംപാസ് വളൻറിയർമാരുമായി ബന്ധപ്പെടുകയും വളൻറിയർ ജബ്ബാറിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പെെട്ടന്ന് പൂർത്തിയാക്കുകയുമായിരുന്നു. സാഹിദ് ഈ സമയത്തിനിടക്ക് പലതവണ ഇന്ത്യയിലേക്ക് വിളിച്ച് നാട്ടിൽ ചെയ്യേണ്ട പേപ്പർ വർക്കുകൾ താമസിപ്പിക്കരുത് എന്ന് ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. എത്രയും പെെട്ടന്ന് മൃതദേഹം നാട്ടിലെത്തിക്കണമെന്ന ചിന്ത മാത്രമായിരുന്നു അദ്ദേഹത്തിന്.
മരണപ്പെട്ട ഒരു ഇന്ത്യക്കാരെൻറ വിഷയത്തിൽ എന്തിനിത്ര താൽപര്യമെടുക്കുന്നു എന്ന് ചോദിച്ചപ്പോൾ സാഹിദ് പറഞ്ഞത്. "ഭായീ അയാളെയും കാത്ത് ഒരു കുടുംബം നാട്ടിലില്ലേ? ഭാര്യയും മക്കളും കണ്ണീരൊഴുക്കുകയായിരിക്കില്ലേ? ആ കുടുബം എത്രമാത്രം പ്രയാസപ്പെടുന്നുണ്ടാകും? അത് എനിക്ക് എങ്ങനെ സഹിക്കാൻ സാധിക്കും?’ എന്നാണ്. അൽഐനിൽ ഏത് ഇന്ത്യക്കാർ മരണപ്പെട്ടാലും മൃതദേഹം എത്രയും പെെട്ടന്ന് നാട്ടിലെത്തിക്കാൻ പ്രയത്നിക്കുന്ന, നിസ്വാർഥ സേവകരായ നിരവധി പേരുണ്ടെങ്കിലും ജാതിയോ മതമോ ദേശമോ നോക്കാതെ മുന്നിട്ടിറങ്ങിയ സാഹിദ് അഹ്മദ് നൂറിെൻറ പ്രയത്നം വേറിട്ടുനിൽക്കുന്നു.
മലയാളികളുമായി അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന സാഹിദ് അഹമദ് നൂർ 19 വർഷമായി അൽഐനിൽ കാർെപൻററി കമ്പനി നടത്തുകയാണ്. രണ്ട് ആൺകുട്ടികളും നാലു പെൺമക്കളുമായി ആറു മക്കളുണ്ട്.