ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ കൊടിയിറങ്ങി
text_fieldsഅബൂദബി: അബൂദബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിെൻറ കാവൽ പിതാവായ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് കൊടിയിറങ്ങി. മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധ്യക്ഷൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയാണ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നടന്ന ഭക്തിനിർഭരമായ റാസയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യ തനിമയും വിശ്വാസ പാരമ്പര്യവും കാത്തുസൂക്ഷിച്ചായിരുന്നു റാസയുടെ ക്രമീകരണം. ഏറ്റവും മുമ്പിലായി പൊൻകുരിശ് വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ റാസയിൽ തീവെട്ടി, വിശുദ്ധ ഗീവർഗീസ് സഹദായുടെ ഛായാചിത്രം അലങ്കരിച്ച രഥം, കത്തിച്ച മെഴുകുതിരികളുമായി ശുഭ്രവസ്ത്രധാരികളായ കുട്ടികൾ, ചെണ്ടമേളം, കൊടികളും മുത്തുക്കുടകളും ഏന്തി വിശ്വാസികൾ, അതിനു പിന്നാലെ ശുശ്രൂഷകർ, വൈദികർ എന്നീ ക്രമത്തിലായിരുന്നു ദേവാലയത്തിന് ചുറ്റിയുള്ള റാസ. ആധ്യാത്മിക സംഘടനകൾ റാസ കടന്നുപോകുന്ന ഇടങ്ങളിൽ പരമ്പരാഗത രീതിയിലുള്ള ‘വെച്ച് വിരിവോട്’ കൂടി റാസയെ സ്വീകരിച്ചു.
പ്രധാന പെരുന്നാൾ ദിനമായ വെള്ളിയാഴ്ച രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് ആശീർവാദവും നേർച്ച വിളമ്പും ഉണ്ടായിരുന്നു. കുർബാനാനന്തരം നടന്ന ചടങ്ങിൽ സെൻറ് ജോർജ് ഹോംസ് നാലാം ഘട്ടത്തിെൻറയും പള്ളിയുടെ പേരിലുള്ള മൊബൈൽ ആപ്ലിക്കേഷെൻറയും യുവജന പ്രസ്ഥാനത്തിെൻറ ഡയറി പ്രോജക്ട് 2018െൻറയും ഉദ്ഘാടനം മെത്രാപ്പോലീത്ത നിർവഹിച്ചു. വികാരി ഫാ. എം.സി. മത്തായി, സഹ വികാരി ഫാ. ഷാജൻ വർഗീസ്, ഫാ. മാത്യു വർഗീസ്, ഫാ. കെ.ടി. തോമസ് എന്നിവർ വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് സഹ കാർമികത്വം വഹിച്ചു. ‘കൊടിയിറക്ക്’ ചടങ്ങോടുകൂടിയാണ് ഈ വർഷത്തെ ഇടവകപ്പെരുനാളിന് സമാപനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
