സുരക്ഷക്കായി മുൻകരുതൽ നിർദേശങ്ങൾ പാലിക്കണം
text_fieldsദുബൈ: മേഖലയിലെ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അടിയന്തര ഘട്ടങ്ങളിൽ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നാൽ പാലിക്കേണ്ട നടപടിക്രമങ്ങളും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളുമാണ് പ്രധാനമായും നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർക്ക് ഫലപ്രദമായി ഇടപെടുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കേണ്ടി വരിക. കെട്ടിടങ്ങളിൽ ഒഴിപ്പിക്കൽ അലാറം മുഴങ്ങിയാൽ ഏറ്റവും അടുത്തുള്ളതും സുരക്ഷിതവുമായ ഫയർ എക്സിറ്റ് വഴി കെട്ടിടത്തിന് പുറത്തേക്ക് കടക്കുക.
കെട്ടിടത്തിലെ ജീവനക്കാരുടെയും എമർജൻസി ടീമുകളുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. പുറത്തേക്ക് കടക്കുമ്പോൾ വാതിലുകൾ അടക്കണം, എന്നാൽ അവ ലോക്ക് ചെയ്യരുത്. ഒഴിപ്പിക്കൽ സമയത്ത് ലിഫ്റ്റുകൾക്ക് പകരം കോണി പടവുകൾ ഉപയോഗിക്കണം.
ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുന്നത് വരെ ശാന്തത പാലിക്കുകയും നിർദ്ദിഷ്ട അസംബ്ലി പോയിന്‍റുകളിൽ തുടരുകയും വേണം. വ്യക്തിപരമായ സാധനങ്ങൾ ശേഖരിക്കാനായി ഒഴിപ്പിക്കൽ വൈകിപ്പിക്കരുത്. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ സെക്യൂരിറ്റിയെയോ ബിൽഡിങ് മാനേജ്‌മെന്‍റിനെയോ അവിടെയുള്ള എമർജൻസി ടീമിനെയോ വിവരം അറിയിക്കണം.
സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ചില സ്ഥാപനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തിയേക്കാം. ഇത് ഏതെങ്കിലും പ്രത്യേക അപകടസാധ്യതയുള്ളത് കൊണ്ടല്ലെന്നും മുൻകരുതൽ മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. നഗരം സുരക്ഷിതമാണെന്നും എല്ലാ സേവനങ്ങളും പൂർണ്ണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ ഉറപ്പുനൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കുന്നതിനുമാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

