പെഡസ്ട്രിയന്‍ ലൈനുകളില്‍ സുരക്ഷ ഉറപ്പുവരുത്തണം
text_fieldsഅബൂദബി: പെഡസ്ട്രിയന്‍ ലൈനുകളില്‍ നിര്‍ബന്ധമായും വാഹനം നിര്‍ത്തി കാല്‍നടയാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഡ്രൈവര്‍മാരോട് അബൂദബി പൊലീസ്. എട്ടാമത് യു.എന്‍ ലോക ഗതാഗത സുരക്ഷാ വാരത്തോടനുബന്ധിച്ചാണ് കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനുള്ള നിര്‍ദിഷ്ട ഇടങ്ങളില്‍ വാഹനം നിര്‍ത്തിക്കൊടുക്കണമെന്ന് പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടത്. പെഡസ്ട്രിയന്‍ ലൈനുകളിലൂടെയും ഭൂഗര്‍ഭ പാതകളിലൂടെയും മേല്‍പ്പാലങ്ങളിലൂടെയും റോഡ് മുറിച്ചുകടക്കണമെന്നും റെഡ് സിഗ്നല്‍ മറികടക്കരുതെന്നും കാല്‍നടയാത്രികരോട് അബൂദബി പോലീസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിയമലംഘിച്ച് കാല്‍നടയാത്രികര്‍ റോഡ് മുറിച്ചുകടക്കുന്ന വീഡിയോകള്‍ അടക്കം പങ്കുവച്ചായിരുന്നു പോലീസ് കഴിഞ്ഞ ദിവസം ബോധവല്‍ക്കരണവും മുന്നറിയിപ്പും നല്‍കിയത്.
‘കാല്‍നടയാത്രികരുടെയും സൈക്കിള്‍ യാത്രികരുടെയും സുരക്ഷ’ എന്ന മുദ്രാവാക്യത്തിലാണ് എട്ടാമത് ഐക്യരാഷ്ട്ര സഭ ലോക ഗതാഗത വാരം നടക്കുന്നത്. ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രികരുടെയും സുരക്ഷിത ക്രോസിങ് സംസ്കാരം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് അബൂദബി പൊലീസ് പരിപാടിയുടെ ഭാഗമാവുന്നത്. അപകടങ്ങള്‍ കുറക്കുന്നതിനു ഉയര്‍ന്ന തലത്തിലുള്ള ഗതാഗത സുരക്ഷ കൈവരിക്കാനും ഇതിലൂടെ സാധിക്കുമെന്നും ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോളിലെ കേണല്‍ മഹ്മൂദ് യൂസുഫ് അല്‍ ബലൂഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

