മരുഭൂമിയിൽ റൈഡ് ചെയ്യുന്നവർക്ക് സുരക്ഷ ബോധവത്കരണം
text_fieldsഅബൂദബി: ബൈക്ക് റൈഡർമാരുടെയും മരുഭൂമിയിൽ സ്കൂട്ടർ റൈഡ് നടത്തുന്നവരുടെയും സുരക്ഷ ലക്ഷ്യമിട്ട് ബോധവത്കരണ കാമ്പയിനുമായി അബൂദബി പൊലീസ്. പൊതുസുരക്ഷയും ഉത്തരവാദിത്വത്തോടെയുള്ള ഡ്രൈവിങ്ങും പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ‘സുരക്ഷിതവും ആനന്ദകരവുമായ ശൈത്യകാല കാമ്പയിൻ’ എന്ന സംരംഭത്തിന്റെ ഭാഗമായി അബൂദബി ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റാണ് ബോധവത്കരണ കാമ്പയിന് തുടക്കമിട്ടത്.
കാമ്പയിന്റെ ഭാഗമായി മോട്ടോൾ റൈഡർമാർക്ക് ഹെൽമറ്റുകൾ, റിഫ്ലക്ടിവ് വസ്ത്രങ്ങൾ, കൈക്കും കാലിനും സംരക്ഷണമേകുന്ന പാഡുകൾ എന്നിവ ഉൾപ്പെടെ സുരക്ഷ ഉപകരണങ്ങൾ പൊലീസ് വിതരണം ചെയ്തു. കൂടാതെ, സുരക്ഷ നിർദേശങ്ങൾ പാലിച്ച് നിശ്ചിത സ്ഥലത്തു കൂടി മാത്രം ബൈക്ക് റൈഡ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊലീസ് ബോധവത്കരണം നൽകി.
വിവിധ പങ്കാളികളുമായി സഹകരിച്ച് പൊതുസുരക്ഷക്കായി ഇത്തരം സംരംഭങ്ങൾ നടത്തുന്നതിന് പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മഹ്മൂദ് യൂസുഫ് അൽ ബലൂഷി പറഞ്ഞു. സ്വയം രക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കുമായി മണൽ ഏരിയകളിൽ സന്ദർശനം നടത്തുന്നവർ സുരക്ഷ മുൻകരുതലുകളും മാർഗ നിർദേശങ്ങൾ അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റൈഡ് ചെയ്യുന്നവരുടെ ശരീര വലുപ്പത്തിനനുസരിച്ചുള്ള ബൈക്ക് തെരഞ്ഞടുക്കാൻ ശ്രദ്ധിക്കണം. തലക്ക് പരിക്കേൽക്കുന്നത് പ്രതിരോധിക്കാൻ ഗുണമേന്മയുള്ള ഹെൽമറ്റ് ധരിക്കണം, നിശ്ചയിച്ച ഇടങ്ങളിലൂടെ മാത്രം വാഹനം ഓടിക്കുക, താമസയിടങ്ങൾ റൈഡിനായി തെരഞ്ഞെടുക്കരുത്, അമിത വേഗത്തിൽ വാഹനം ഓടിക്കരുത്, അശ്രദ്ധമായ ഡ്രൈവിങ്ങിൽനിന്ന് വിട്ടുനിൽക്കണം തുടങ്ങിയ മാർഗ നിർദേശങ്ങളും പൊലീസ് പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

