‘വരിതെറ്റാതെ, സുരക്ഷിത ഡ്രൈവിങ് ’ റാസല്‍ഖൈമയില്‍ പ്രചാരണം
text_fieldsറാസല്‍ഖൈമ: സുരക്ഷിത ഗതാഗതം എന്ന പേരില്‍ റാസല്‍ഖൈമയില്‍ നടന്നുവരുന്ന ഗതാഗത ബോധവത്കരണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം.
‘വരിതെറ്റാതെ, സുരക്ഷിത ഡ്രൈവിങ്’ ശീര്‍ഷകത്തിലുള്ള പ്രചാരണം പൊലീസ് ആസ്ഥാനത്ത് റാക് പൊലീസ് ആൻഡ് പട്രോളിങ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് സഈദ് അല്‍ നഖ്ബി, ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.
ചില ഡ്രൈവര്‍മാരുടെ തെറ്റായ രീതികള്‍ വരുത്തിവെക്കുന്നത് തീരാ ദുരന്തമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അമിതവേഗം, പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം, വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കാതിരിക്കുക, ട്രാഫിക് സൂചകങ്ങള്‍ അവഗണിക്കുക തുടങ്ങിയവയാണ് അപകടങ്ങള്‍ക്കും ദുരന്തങ്ങള്ക്കുമിടയാക്കുന്നത്.
റോഡ് നിയമങ്ങള്‍ പാലിച്ച് സന്തോഷകരമായ ജീവിതാന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഡ്രൈവര്‍മാരും റോഡ് ഉപഭോക്താക്കളും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിർദേശിച്ചു.

