ഒമ്പതു പുതിയ കാഴ്ചകളുമായി സഫാരി പാർക്ക് തുറന്നു
text_fieldsദുബൈ സഫാരി പാർക്ക്
ദുബൈ: ഒമ്പതു പുതിയ കാഴ്ചകളൊരുക്കി ദുബൈ സഫാരി പാർക്ക് സന്ദർശകർക്കായി തുറന്നു. അടുത്തിടെ ജനിച്ച കുഞ്ഞുങ്ങൾ മുതൽ പുതിയതായി ഇവിടെ എത്തിച്ച മൃഗങ്ങളെ വരെ ഈ സീസണിൽ കാണാൻ കഴിയും. ആഫ്രിക്കൻ വനങ്ങളിൽ കാണപ്പെടുന്ന നീണ്ട കൊമ്പുള്ള പശു, അറേബ്യൻ ഒറിക്സ്, നൈൽ ഇനത്തിൽപെട്ട മുതല, വാട്ടർ ബഫല്ലോ തുടങ്ങിയവയുടെ കുഞ്ഞുങ്ങളെ കാണാം. മൃഗസംരക്ഷണ വിദഗ്ധരുമായി സംസാരിക്കാനുള്ള പുതിയ പദ്ധതിയും ഇത്തവണ തുടങ്ങിയിട്ടുണ്ട്. മൃഗങ്ങളുടെ ദിനചര്യകൾ, ചികിത്സ, സംരക്ഷണം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചോദിച്ചറിയാം. പത്തു പേർ അടങ്ങുന്ന സംഘത്തിന് 1450 ദിർഹമാണ് ഇതിന് നിരക്ക് ഈടാക്കുന്നത്.
മൃഗങ്ങളുടെ ചിത്രങ്ങളെടുക്കാനും പ്രത്യേക പാക്കേജ് ഇത്തവണ അവതരിപ്പിക്കുന്നു. മൂന്നു മണിക്കൂറിൽ ബസിൽ യാത്ര ചെയ്ത് മൃഗങ്ങളുടെ ചിത്രം പകർത്താം. മൂന്നു പേരടങ്ങുന്ന സംഘത്തിന് 1275 ദിർഹമാണ് ഫീസ്. ഓരോ സ്ഥാപനത്തിനും വ്യക്തികൾക്കും പ്രത്യേക ഗൈഡിനെ അനുവദിക്കുന്നതാണ് മറ്റൊരു പുതിയ പാക്കേജ്. പത്ത് പേരടങ്ങുന്ന സംഘത്തിന് 2500 ദിർഹം മുതലാണ് പാക്കേജ് തുടങ്ങുന്നത്. സന്ദർശകർക്ക് ചിത്രങ്ങൾ പകർത്താൻ പ്രത്യേകം സ്ഥലം ഏർപ്പെടുത്തി. വിവിധ വിനോദപരിപാടികളും ഇക്കുറി കൂട്ടിച്ചേർത്തിരിക്കുന്നു. ട്രെയിൻ സർവിസിനൊപ്പം സൈക്കിൾ, ഇലക്ട്രിക് കാർ, പരിസ്ഥിതിസൗഹൃദ വാഹനങ്ങൾ തുടങ്ങിയവയും ആസ്വദിക്കാം. പക്ഷികൾക്കൊപ്പം പ്രഭാതഭക്ഷണം എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ സീസണിൽ അഞ്ചു ലക്ഷത്തിലേറെ സന്ദർശകരാണ് പാർക്കിൽ എത്തിയത്. ഇതിനേക്കാൾ കൂടുതൽ സന്ദർശകർ ഇക്കുറിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറിൽ കൂടുതൽ പുതിയ മൃഗങ്ങൾ എത്തും. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വംശനാശം തടയുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായിരിക്കും ഈ സീസണിൽ മുൻഗണന നൽകുക. ഇതിന്റെ ഭാഗമായി വിവിധ ചർച്ചകൾ നടക്കും. dubaisafari.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് പാർക്കിൽ പ്രവേശിക്കാം. മുതിർന്നവർക്ക് 50 ദിർഹം മുതലും കുട്ടികൾക്ക് 20 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

