സായിദ് ദേശീയ മ്യൂസിയം ഡിസംബറില്‍ തുറക്കും
text_fieldsഡിസംബറില്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്ന സായിദ് നാഷനല്‍ മ്യൂസിയം
അബൂദബി: സഅദിയാത്ത് സാംസ്കാരിക ജില്ലയില്‍ ഒരുക്കുന്ന സായിദ് നാഷനല്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി 2025 ഡിസംബറില്‍ തുറക്കും. യു.എ.ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാനുവേണ്ടി സമര്‍പ്പിക്കുന്ന മ്യൂസിയത്തില്‍ രണ്ട് നിലകളിലായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക പ്രദര്‍ശന ഗാലറിയുമാണുള്ളത്. മൂന്നുലക്ഷം വര്‍ഷത്തെ മനുഷ്യന്റെ ചരിത്രമാണ് മ്യൂസിയം സന്ദര്‍ശകര്‍ക്കു മുന്നില്‍ അനാവരണം ചെയ്യുക.
രാഷ്ട്രപിതാവിന്റെ പൈതൃകമാണ് സായിദ് നാഷനല്‍ മ്യൂസിയമെന്നും ഇത് സംരക്ഷണ സ്ഥലമെന്നതിലുപരി ഭാവി തലമുറകള്‍ക്കുള്ള വാഗ്ദാനവും നമ്മുടെ സ്വത്വത്തിന്റെ ദീപശിഖയുമാണെന്നും അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് ചെയര്മാന് മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു. വിദ്യാഭ്യാസം, കാരുണ്യം, ദേശാഭിമാനം എന്നിവയിലുള്ള ശൈഖ് സായിദിന്റെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന വികാരങ്ങളുടെയും ഓര്‍മകളുടെയും ദര്‍ശനത്തിന്റെയും ഇടമായാണ് മ്യൂസിയം പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഭൂതകാലത്തെക്കുറിച്ച് പഠിക്കാനുള്ള ശൈഖ് സായിദിന്റെ വിശ്വാസത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ലോകത്തിലെ ഏറ്റവും പുരാതനമായ ഫലാജ് ജലസേചന സംവിധാനം മുതല്‍ വെങ്കല യുഗത്തിലെ ചെമ്പ് ഖനന കേന്ദ്രങ്ങള്‍വരെയുള്ള അപൂര്‍വമായ പുരാവസ്തു കണ്ടെത്തലുകളാവും മ്യൂസിയത്തിലുണ്ടാവുക. യു.എ.ഇയുടെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പുരാവസ്തു പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കുന്ന പാലിയോലിത്തിക്, നിയോലിതിക്, വെങ്കല, ഇരുമ്പ് യുഗങ്ങളിലെ ശേഖരങ്ങളാണിവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

