പൂർവികരുടെ സുഗന്ധച്ചെപ്പ്
text_fieldsസഈദ് അലി സഈദ് ലഹ അല്‍ ശഹിയുടെ സായിദ് ഹെറിറ്റേജ് വില്ലേജില്‍നിന്നുള്ള ദൃശ്യങ്ങള്‍
രാജ്യം അത്യാധുനിക സങ്കേതങ്ങളിലൂടെ യാത്ര തുടരുമ്പോഴും പഴമയുടെ ജീവിത സാഹചര്യങ്ങള്‍ വരും തലമുറകള്‍ക്കും വഴി കാണിക്കണമെന്ന ദൃഢനിശ്ചയം ചെയ്തിട്ടുള്ളവര്‍ ഏറെയുണ്ട് യു.എ.ഇയില്‍. സര്‍ക്കാര്‍ മുന്‍കൈയിലുള്ള മ്യൂസിയങ്ങള്‍ക്ക് പുറമെ പൂർവികരോടുള്ള ആദരവ് പ്രകടിപ്പിച്ച് വിവിധ എമിറേറ്റുകളില്‍ സ്വകാര്യ ഉടമസ്ഥതയിലും പഴമയുടെ സുഗന്ധച്ചെപ്പുകള്‍ കാണാം. റാസല്‍ഖൈമ വാദി ഗലീലക്കും ശാമിനും ഇടയില്‍ തന്‍റെ വസതിയോട് ചേര്‍ന്ന് കേണല്‍ സഈദ് അലി സഈദ് ലഹ അല്‍ ശഹി സ്ഥാപിച്ചിട്ടുള്ള സായിദ് ഹെറിറ്റേജ് വില്ലേജ് വിപുല സൗകര്യങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്.
10,000ത്തിലേറെ ഇംഗ്ലീഷ്-അറബിക് ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിട്ടുള്ള പുസ്തകപുര, പുരാതനവും അടുത്ത നാളുകള്‍ വരെയും ഉപയോഗിച്ചിരുന്ന നൂറുകണക്കിന് ഗണ്ണുകളും മറ്റും സൂക്ഷിച്ചിരിക്കുന്ന ആയുധ മുറി, പുരാതന നാണയങ്ങള്‍, അല്‍ഖലീജ്, ഇത്തിഹാദ് ദിനപത്രങ്ങളുടെ ആദ്യ പ്രതി, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍, കല്ല് വീടുകള്‍, തുറന്ന സ്കൂള്‍ വാനുകള്‍ തുടങ്ങി പൂർവീകരുടെ ജീവിത രീതികള്‍ അനുഭവഭേദ്യമാക്കുന്നതാണ് സഈദ് അലിയുടെ സായിദ് ഹെറിറ്റേജ് വില്ലേജ്. കൗമാര നാള്‍ മുതല്‍ പിതാവിന്‍റെ പ്രധാന വിനോദമായിരുന്നു പഴയ വസ്തുവകകളുടെ ശേഖരണമെന്ന് മകന്‍ അലി സഈദ് ലഹ അല്‍ ശഹി പറഞ്ഞു. യു.എ.ഇ മിലിട്ടറിയില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം. പഠനാവശ്യാര്‍ഥം ഇന്ത്യയിലും പിതാവ് താമസിച്ചിട്ടുണ്ട്. നാഷണല്‍ ഡിഫന്‍സ് കോളജിലായിരുന്നു ഒരു വര്‍ഷത്തെ പരിശീലനം. ഇവിടെ നിന്ന് ലഭിച്ച പ്രശസ്തി ഫലകവും ഇന്ത്യന്‍ മിലിട്ടറി സമ്മാനിച്ച ഉപഹാരവും മ്യൂസിയത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

