‘നൂറു കോടി സ്വപ്ന’ങ്ങളുമായി സചിൻ
text_fieldsദുബൈ: ഇത്രയധികം കാമറയിൽ പതിഞ്ഞ മറ്റൊരു ഇന്ത്യക്കാരനുണ്ടാകില്ല. സചിനെക്കുറിച്ച് ജീവചരിത്രപരമായ സിനിമയെടുക്കാൻ നിർമാതാവ് രവി ഭഗ്ചന്ദ്ക ടെലിവിഷൻ ചിത്രങ്ങളുടെ ശേഖരം സമാഹരിക്കാൻ തുടങ്ങിയപ്പോൾ ലഭിച്ചത് 10,000ത്തിേലറെ മണിക്കൂർ ഫുേട്ടജ്. 25 ഒാളം പേർ നാലു വർഷത്തോളം പരതിയാണ് ഇതിൽ നിന്ന് പ്രധാനപ്പെട്ടവ തെരഞ്ഞെടുത്തത്.
ഇതിലും ബുദ്ധിമുട്ടായിരുന്നു സിനിമയെടുക്കാൻ സചിെൻറ അനുമതി ലഭിക്കാൻ നടത്തിയ ശ്രമമെന്ന് രവി ഭഗ്ചന്ദ്ക. എട്ടു മാസം പിന്നാലെ നടന്ന േശഷമാണ് സിനിമയെടുക്കാൻ സചിൻ സമ്മതം മൂളിയത്. ഇൗ മാസം 26ന് പുറത്തിറങ്ങുന്ന ‘സചിൻ: എ ബില്യൺ ഡ്രീംസ്’ എന്ന ജീവചരിത്ര സിനിമയെക്കുറിച്ച് ദുബൈയിൽ ഞായറാഴ്ച വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സചിനും നിർമാതാവും സംസാരിച്ചു.
അഞ്ചു വയസ്സുമുതൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതുവരെയുള്ള തെൻറ ജീവിത യാത്രയാണ് ഇൗ സിനിമയെന്ന് സചിൻ പറഞ്ഞു. റീ ടേക്കില്ലാത്ത സിനിമയാണിത്. പൂർണമായും യഥാർഥമായ കാര്യങ്ങളാണ് ഇതിലുള്ളത്. തെൻറ ആരാധകരോട് കൂടുതൽ അടുക്കണമെന്ന തീരുമാനത്തിൽ നിന്നാണ് അവസാനം സിനിമയെടുക്കാൻ സമ്മതിച്ചത്. അതുകൊണ്ടുതന്നെ ഇതുവരെ പൊതുസമൂഹം അറിയാത്ത കുടുംബകാര്യങ്ങളും താനെടുത്ത കുടുംബ വീഡിയോകളും സെൽഫികളും ചലചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീർത്തും വ്യക്തിപരമായ ഇൗ ദൃശ്യങ്ങൾ കുടുംബത്തിെൻറ കൂടി അനുവാദത്തോടെയാണ് ചേർത്തതെന്ന് സചിൻ പറഞ്ഞു.
24 വർഷക്കാലം താൻ കളിച്ചതെല്ലാം ജനങ്ങൾക്കറിയാം. എത്ര പന്ത് നേരിട്ടു, എത്ര റൺസടിച്ചു, എത്ര സെഞ്ച്വറി എന്നതെല്ലാം എല്ലാവർക്കുമറിയാം.എന്നാൽ ആ സമയത്ത് തെൻറ മനസ്സിലെന്തായിരുന്നെന്ന് ആർക്കും അറിയില്ല. അതേക്കുറിച്ച് സുഹൃത്തുക്കളും കുടുംബവുമെല്ലാം ഇൗ സിനിമയിൽ പറയുന്നുണ്ട്. ക്രിക്കറ്ററാകണമെന്ന് ചെറുപ്പത്തിലേ തീരുമാനിച്ചതാണ്. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതായിരുന്നു ഏറ്റവും വലിയ അഭിലാഷം. അവിടെ എത്തിയപ്പോൾ പിന്നെ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കണമെന്ന സ്വപ്നത്തിന് പിന്നാലെയായി. അതിനായിരുന്നു തെൻറ ജീവിതം. അത്ര എളുപ്പമായിരുന്നില്ല. 22 വർഷം കാത്തിരിക്കേണ്ടിവന്നു. 2011വരെ.
പക്ഷെ ഒരിക്കലും മോഹം വെടിഞ്ഞിരുന്നില്ല. വ്യക്തികളല്ല ടീമാണ് വിജയിക്കുന്നതും പരാജയപ്പെടുന്നത്. രാഷ്ട്രം ഒന്നടങ്കം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. വിജയത്തിലും തോൽവിയിലും രാജ്യം കൂടെ നിന്നു. അതുകൊണ്ട് ലോകകപ്പ് സച്ചിേൻറതല്ല, രാഷ്്്ട്രത്തിന് അവകാശപ്പെട്ടതാണ്^സചിൻ പറഞ്ഞു.
സിനിമക്ക് വേണ്ടി ഒരുപാട് ഗവേഷണം നടത്തിയതായി രവി ഭഗ്ചന്ദക് പറഞ്ഞു. നിരവധി കളിക്കാരുമായും ആരാധകരുമായും മണിക്കൂറുകൾ സംസാരിച്ചു. പൂർണമായും ഫീച്ചർ ഫിലിമല്ല. എന്നാൽ ഡോക്യൂമെൻററിയുമല്ല^അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാരനായ ജെയിംസ് എർസ്കിൻ ആണ് സംവിധായകൻ. എ.ആർ.റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച മൂന്നു ഗാനങ്ങൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
