സംഘാടന മികവിന്റെ റഷ്യൻ കാർണിവൽ
text_fieldsലോകകപ്പിന് റഷ്യയിലെത്തിയ സിറാജുദ്ദീൻ, ബഷീർ കോടക്കാട്ട്, ടി.കെ. ഷാനവാസ്, ഷിഹാസ് ഷംസുദ്ദീൻ എന്നിവർ വിദേശി സന്ദർശകർക്കൊപ്പം
ലോകം കാണാനുള്ള ആഗ്രഹവും ഫുട്ബാളിനോടുള്ള പ്രണയവുമാണ് നാലു വർഷം മുമ്പ് ഞങ്ങളെ റഷ്യയിലെത്തിച്ചത്. അൻജുമാൻ എൻജിനീയറിങ് കോളജിലെ പഴയ സഹപാഠികളായ ബഷീർ കോടക്കാട്ട്, ടി.കെ. ഷാനവാസ്, ഷിഹാസ് ഷംസുദ്ദീൻ എന്നിവരായിരുന്നു കൂടെയുണ്ടായിരുന്നത്. എല്ലാവരും യു.എ.ഇയിൽതന്നെയായിരുന്നതിനാൽ യാത്രാ പ്ലാനിങ് ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
ആദ്യം മുതലേ യാത്രക്ക് എല്ലാവിധ പ്ലാനുകളും ഒരുക്കിയ മുഹമ്മദ് ഷബീറിന് അസൗകര്യംമൂലം ഞങ്ങൾക്കൊപ്പം വരാൻ കഴിഞ്ഞില്ല. മൂന്നു മാസം മുമ്പുതന്നെ ടിക്കറ്റ് ബുക്കിങ്, ഫാൻ ഐഡി പോലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. മോസ്കോ വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ എങ്ങും ഫുട്ബാൾമയമായിരുന്നു. വിമാനത്താവളത്തിന്റെ ഉൾഭാഗം മുതൽ ചുവരുകൾ വരെ താരങ്ങളുടെ ചിത്രങ്ങളാൽ സമ്പന്നമായിരുന്നു. പോർചുഗലും ഇറാനും തമ്മിലെ മത്സരത്തിനാണ് ടിക്കറ്റെടുത്തിരുന്നത്. സംഘാടനമികവ് നേരിൽ അനുഭവിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അത്. സ്റ്റേഡിയത്തിന്റെ ഗേറ്റിൽ എത്തി സീറ്റ് ഐഡി പറഞ്ഞുകൊടുത്തത് മുതൽ സീറ്റിൽ ഇരിക്കുന്നതുവരെ എല്ലാത്തിനും വളന്റിയേഴ്സ് ഒപ്പമുണ്ടായിരുന്നു. സ്റ്റേഡിയത്തിന് പുറത്തുനിന്ന് നോക്കിയാൽ ഇത്ര ജനക്കൂട്ടം എത്തുന്ന മത്സരമാണെന്ന് തോന്നില്ല.
ഗേറ്റിലെത്തി ടിക്കറ്റ് സ്കാൻ ചെയ്ത് ചുരുക്കം ചില നടപടിക്രമത്തിലൂടെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. നിരവധി ചെക്ക് ഇൻ ഗേറ്റുകളുണ്ട്. ഇതാണ് ആൾക്കൂട്ടത്തെ പുറത്ത് കാണാത്തതിന് കാരണം. സ്റ്റേഡിയത്തിനുള്ളിൽ കയറിയപ്പോഴാണ് ഗാലറിയിലെത്തിയ പതിനായിരങ്ങളെ കണ്ടത്. ഇത്രയും കാണികളുള്ള സ്റ്റേഡിയത്തിൽ എങ്ങനെയാണ് ഇത്ര മനോഹരമായി ഇതെല്ലാം ആസൂത്രണം ചെയ്യുന്നത് എന്നത് അത്ഭുതപ്പെടുത്തി. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്തിറങ്ങിയപ്പോൾ സ്റ്റേഡിയം ആരവങ്ങളാൽ നിറഞ്ഞു.മെസ്സി ഫാനായതിനാൽ അർജന്റീനയുടെ കളി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, അതിന് കഴിഞ്ഞില്ല. ഈ ക്ഷീണം തീർക്കാൻ ഫാൻ ഫെസ്റ്റിൽ നേരിട്ടെത്തി അർജന്റീന-നൈജീരിയ മത്സരം കണ്ടു. പതിനായിരക്കണക്കിനാളുകളുടെ നടുവിലിരുന്ന് ഫാൻ ഫെസ്റ്റിൽ കളി കണ്ടത് മറക്കാനാവാത്ത അനുഭവമായിരുന്നു. നൈജീരിയക്കെതിരെ മെസ്സിയുടെ ആദ്യ ഗോൾ പിറന്ന നിമിഷം ഇപ്പോഴും മനസ്സിലുണ്ട്. ഓരോ ജയവും നേരം പുലരുംവരെ ആഘോഷിക്കുന്നതാണ് അവിടത്തെ രീതി. ഒരുമയുടെ സന്ദേശംകൂടിയാണ് ലോകകപ്പ് നൽകുന്നത്. വിവിധ രാജ്യങ്ങളിലും വർണങ്ങളിലും വേഷങ്ങളിലും ഭാഷയിലുമുള്ളവർ ഫുട്ബാൾ എന്ന ഒറ്റ വികാരത്തിനു കീഴിൽ ഐക്യപ്പെടുന്നു. അത് കണ്ടു നിൽക്കുന്നതുതന്നെ പ്രത്യേക അനുഭൂതിയാണ്.
ഫുട്ബാൾ കളി ഇല്ലാത്ത ദിവസങ്ങളിൽ റഷ്യയുടെ വിവിധ ഭാഗങ്ങളിൽ ഞങ്ങൾ ചുറ്റിത്തിരിഞ്ഞു. മോസ്കോ, റെഡ് സ്ക്വയർ, ലെനിൻ മ്യൂസിയം, കത്തീഡ്രൽ എന്നിവിടങ്ങളിലെല്ലാം എത്തി. ഇവിടെയെല്ലാം ഫുട്ബാൾ പ്രേമികളാൽ നിറഞ്ഞിരുന്നു. എല്ലാവരും ഫുട്ബാളിനെക്കുറിച്ച് സംസാരിക്കുന്നതിനാൽ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
അത്ഭുതപ്പെടുത്തിയത് അവിടത്തെ മെട്രോ സർവിസാണ്. പുരാതനമായ മോസ്കോ നഗരത്തെപ്പോലെതന്നെയാണ് അവിടെയുള്ള മെട്രോ സംവിധാനം. ഒട്ടുമിക്ക ഭാഗങ്ങളും ഭൂമിക്കടിയിലാണ്. പൗരാണിക നിർമിതികളുടെ കൂടെ പുതിയ സാങ്കേതികവിദ്യ ഇടകലർത്തിയാണ് മെട്രോ സംവിധാനം. പഴമ നിലനിർത്തുമ്പോഴും ഏറ്റവും നൂതനമായ ഹൈസ്പീഡ് ട്രെയിനുകളും അവർ ഒരുക്കിയിരിക്കുന്നു.
നഗരത്തിന്റെ മറ്റു ഗതാഗത സംവിധാനങ്ങളെയൊന്നും തടസ്സപ്പെടുത്താത്ത വിധമാണ് മെട്രോയുടെ ക്രമീകരണം.
കേരളത്തിൽ നടക്കുന്ന കട്ടൗട്ട് വിവാദം അനാവശ്യമാണ്. ഫുട്ബാൾ ഫാൻസിന്റെ ആവേശം നശിപ്പിക്കാനേ ഇത്തരം വിവാദങ്ങൾ ഉപകരിക്കൂ. കട്ടൗട്ടിനൊപ്പം എന്ന ഹാഷ് ടാഗിൽ ഇതിന് പിന്തുണ അറിയിച്ചിരുന്നു. കേരളത്തിലെ ഫുട്ബാൾ ഫാൻസിനെക്കുറിച്ച് ലോകം അറിയാനും ഈ കട്ടൗട്ടുകൾ ഉപകരിക്കും. ഖത്തർ ലോകകപ്പും കാണണമെന്നാണ് ആഗ്രഹം.
സിറാജുദ്ദീൻ കൂടത്തിൽ
തലശ്ശേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

