തടവുകാരെ കൈമാറാൻ റഷ്യ-യുക്രെയ്ൻ ധാരണ
text_fieldsഅബൂദബി: റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ത്രിരാഷ്ട്ര ചർച്ചകൾ അബൂദബിയിൽ സജീവമായിരിക്കെ, ഇരു രാജ്യങ്ങളും തമ്മിൽ 314 തടവുകാരെ കൈമാറുന്നതിന് ധാരണയായി. ചർച്ചയിൽ പങ്കെടുക്കുന്ന യു.എസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫാണ് ഇക്കാര്യം എക്സ് അക്കൗണ്ട് വഴി അറിയിച്ചത്. യു.എസ്, യുക്രെയ്ൻ, റഷ്യ പ്രതിനിധികളാണ് തടവുകാരുടെ കൈമാറ്റത്തിന് ധാരണയായതെന്നും കഴിഞ്ഞ അഞ്ചു മാസത്തിനിടയിലെ ആദ്യ കൈമാറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുമെന്നും വരും ആഴ്ചകളിൽ കൂടുതൽ പുരോഗതി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്ന യു.എ.ഇക്ക് അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു. അതേസമയം വ്യാഴാഴ്ച അബൂദബിയിൽ ത്രിരാഷ്ട്ര ചർച്ചകൾ പൂർത്തിയായതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്ന് യുക്രെയ്ൻ, റഷ്യ പ്രതിനിധികൾ പ്രതികരിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. റഷ്യയും യുക്രെയ്നും തമ്മിൽ ഇതുവരെ 17 തടവുകാരുടെ കൈമാറ്റങ്ങൾക്ക് യു.എ.ഇ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി 4,641 പേർ മോചിപ്പിക്കപ്പെട്ടിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

