Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരൂപക്ക് റെക്കോഡ്...

രൂപക്ക് റെക്കോഡ് തകർച്ച; ദിർഹമിന്​ 26.29 രൂപ, പ്രവാസി പണമയക്കലിൽ വൻ വർധന

text_fields
bookmark_border
രൂപക്ക് റെക്കോഡ് തകർച്ച; ദിർഹമിന്​ 26.29 രൂപ, പ്രവാസി പണമയക്കലിൽ വൻ വർധന
cancel

ദുബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ്​ തകർച്ച നേരിട്ടതോടെ യു.എ.ഇ ദിർഹവുമായുള്ള വിനിമയ നിരക്കിൽ കുതിപ്പ്​ തുടരുന്നു. ചരിത്രത്തിലാദ്യമായി ദിർഹവുമായുള്ള വിനിമയ നിരക്ക്​ 26.29 രൂപയിലെത്തി. ചൊവ്വാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 96.88 എന്ന റെക്കോഡ് തകർച്ചയാണ്​ രേഖപ്പെടുത്തിയത്​. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടെ ഡോളർ കരുത്ത് പ്രകടിപ്പിക്കുന്നത് തുടരുന്നതിനിടയിലാണ് രൂപയുടെ റെക്കോഡ് തകർച്ച.

ദിർഹത്തിന്‍റെ മൂല്യം ഉയർന്നതോടെ യു.എ.ഇയിലെ പ്രമുഖ എക്സ്ചേഞ്ചുകളിൽ നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ വൻ തിരക്കാണ്. 2026ന്‍റെ തുടക്കത്തിൽ ഡോളറിനെതിരെ 89 എന്ന നിലയിലായിരുന്ന രൂപ, ഇപ്പോൾ ആറു മുതൽ ഏഴു ശതമാനം വരെ ഇടിഞ്ഞ് 96ഉം കടന്ന് മുന്നോട്ട് പോവുകയാണ്. ആഗോള സംഘർഷങ്ങൾക്കിടയിൽ എണ്ണവില വർധിച്ചതാണ് രൂപയുടെ മൂല്യം താഴാൻ കാരണം. ഇന്ത്യയുടെ ക്രൂഡോയിൽ ആവശ്യകതയുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതിനാൽ, എണ്ണവിലയിലെ മാറ്റങ്ങളും ഡോളറിന്‍റെ ആവശ്യകതയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നു. രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 110 ഡോളറിന് മുകളിലേക്ക് ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. എണ്ണ വാങ്ങാൻ കൂടുതൽ ഡോളർ ആവശ്യമായി വന്നത് രൂപയെ ദുർബലപ്പെടുത്തുന്നു.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ സമയത്ത് നിക്ഷേപകർ ഏറ്റവും സുരക്ഷിതമായ കറൻസിയായി യുഎസ് ഡോളറിനെ കാണുന്നതിനാൽ ഡോളറിന്‍റെ മൂല്യം ലോകമെമ്പാടും ശക്തിപ്പെടുകയാണ്. ഇന്ത്യയിലെ ഓഹരി വിപണിയിൽ നിന്നും കടപ്പത്രങ്ങളിൽ നിന്നും വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) വൻതോതിൽ പണം പിൻവലിക്കുകയാണ്. വിപണിയിലെ ഇടിവും ഭീതിയും കാരണം നിക്ഷേപകർ ഇന്ത്യൻ രൂപ വിറ്റഴിച്ച് ഡോളറാക്കി മാറ്റുന്നത് രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഇടിയാൻ കാരണമാകുന്നു. ഇന്ത്യയിലേക്കുള്ള സ്വർണം, വെള്ളി, എണ്ണ തുടങ്ങിയ അത്യന്താപേക്ഷിത സാധനങ്ങളുടെ ഇറക്കുമതിച്ചെലവ് ഉയർന്നതും എന്നാൽ അതിനനുസരിച്ച് കയറ്റുമതി വരുമാനം വർധിക്കാത്തതും ഇന്ത്യയുടെ കറന്‍റ്​ അക്കൗണ്ട് കമ്മി വർധിപ്പിച്ചിട്ടുണ്ട്. ഇത് കറൻസി വിപണിയിൽ രൂപക്കുള്ള സമ്മർദം ഇരട്ടിയാക്കി.

ഗൾഫ് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാനുള്ള സാധ്യത കാണുന്നില്ലെന്നാണ്​ സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. രൂപ ദുർബലമാകുമ്പോൾ അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകൾ, വിദേശ യാത്രകൾ, കുട്ടികളുടെ വിദേശ പഠന ചെലവുകൾ എന്നിവ വൻതോതിൽ വർധിക്കുമെന്ന മറുവശവുമുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയിൽ ഇറക്കുമതിച്ചെലവ് കൂട്ടും. ഇത് നാട്ടിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയുമുണ്ട്.

രൂപയുടെ മൂല്യശോഷണം തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിൽ നടത്തുന്ന അടിയന്തര ഇടപെടപെടലുകൾ താൽക്കാലിക ആശ്വാസം നൽകാറുണ്ടെങ്കിലും ആഗോള പ്രതിസന്ധികൾ തുടരുന്നതിനാൽ രൂപയുടെ മൂല്യം പൂർണമായി തിരിച്ചുപിടിക്കുന്നത് വെല്ലുവിളിയായി തുടരുന്നു. രൂപയുടെ ഈ ഇടിവ് ഇന്ത്യയിൽ വലിയ പണപ്പെരുപ്പത്തിനും അതുവഴി വിലക്കയറ്റത്തിനും കാരണമാകുമെന്ന് മുൻ യു.എൻ ഉപദേശകനും സാമ്പത്തിക വിദഗ്ധനുമായ സന്തോഷ് മെഹ്‌റോത്ര മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ രൂപ 90-ൽ നിന്ന് 96-ലേക്ക് എത്തിക്കഴിഞ്ഞുവെന്നും ഈ സാഹചര്യം തുടർന്നാൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 100 കടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateUAE NewsGulf NewsDirham
News Summary - Rupee hits record low; Dirham hits Rs 26.29, huge increase in expatriate remittances
Next Story