സോഷ്യല്‍ മീഡിയയില്‍ കിംവദന്തി; ഏഴുപേർ പിടിയിൽ
text_fieldsറാസല്‍ഖൈമ: അനാരോഗ്യകരമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന് വഴിവെക്കുന്ന വ്യാജ വിവരങ്ങളും വിഡിയോകളും പ്രചരിപ്പിച്ചതിന് ഏഴ് വ്യക്തികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റാസൽഖൈമ പൊലീസ്. തെറ്റായ വിവരങ്ങള്‍, സമൂഹിക സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന കിംവദന്തികള്‍ തുടങ്ങിയവ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഉള്ളടക്കം നിരീക്ഷിച്ച ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സൈബര്‍ ക്രൈം വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് വിവിധ രാജ്യക്കാര്ക്കെതിരെയുള്ള നടപടിയെന്ന് റാക് പൊലീസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ കുറ്റാന്വേഷണ വകുപ്പിന്റെ സൈബര്‍ ക്രൈം വിഭാഗം ഇലക്ട്രോണിക് പട്രോളിങ്ങിലൂടെ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയകളിലൂടെ തെറ്റായ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നതും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും രാജ്യത്തോടുള്ള വെല്ലുവിളിയും നിയമലംഘനവുമാണ്. കുഴപ്പങ്ങളുണ്ടാക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമമായാണ് ഇത്തരം പ്രവൃത്തികളെ കണക്കാക്കുക. പ്രചരിപ്പിക്കുന്ന വിവരങ്ങളും വാര്‍ത്തകളും ഔദ്യോഗിക സ്രോതസ്സുകളില്നിന്നുള്ളത് മാത്രമാകേണ്ടത് അനിവാര്യമാണ്.
വസ്തുതാ വിരുദ്ധവും പക്ഷപാതപരവുമായ വിവരങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങിയവയുടെ പ്രസിദ്ധീകരണം, പുന$പ്രസിദ്ധീകരണം, പ്രചാരണം, ഔദ്യോഗിക പ്രഖ്യാപനത്തിന് വിരുദ്ധമായ വിവരകൈമാറ്റം, പൊതു സുരക്ഷയില്‍ വിള്ളല്‍ വീഴ്ത്തുന്നതും ജനങ്ങള്‍ക്കിടയില്‍ ഭയമുളവാക്കുന്നതുമായ കിംവദന്തികളുടെ പങ്കുവെക്കല്‍, പൊതുതാല്പര്യം, ദേശീയ സമ്പദ് വ്യവസ്ഥ, പൊതുജനാരോഗ്യം എന്നിവക്ക് ഹാനീകരമാകുന്ന പ്രകോപനപരവും തെറ്റായതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും പ്രക്ഷേപണം ചെയ്യുന്നവര്‍ക്കുമെതിരെ കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കും.
പൊതുജനാഭിപ്രായത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതിനും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്തിട്ടുള്ള ഡിജിറ്റല്‍ അക്കൗണ്ടുകള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വകുപ്പ് സൈബര്‍ ക്രൈം വിഭാഗം ഇലക്ട്രോണിക് പട്രോളിങ് വഴി ട്രാക്ക് ചെയ്തിട്ടുണ്ട്. ഇത്തരം ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും വിവരസാങ്കേതിക മാര്‍ഗങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണെന്നും റാക് പൊലീസ് ഓര്‍മിപ്പിച്ചു. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ കൈമാറി കുഴപ്പങ്ങള്‍ സൃഷ്ടിക്കരുതെന്നും സ്ഥിരീകരിക്കാത്ത ഉള്ളടക്കങ്ങള്‍ വീണ്ടും പങ്കുവെക്കുന്നതില്‍നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

