രാജ്യത്തിന്റെ കരുത്തിനെ പ്രശംസിച്ച് ഭരണാധികാരികൾ
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും
അബൂദബി: രാജ്യത്തിന്റെ അതിജീവന കരുത്തിനെയും ഐക്യദാർഢ്യത്തെയും ധീരതയെയും പ്രശംസിച്ച് ഭരണാധികാരികൾ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരാണ് വെള്ളിയാഴ്ച യു.എ.ഇ ജനതയുടെ ശക്തിയെ പ്രശംസിച്ചത്.
രാജ്യത്തിന്റെ മൂല്യങ്ങൾ ശാശ്വതമായ അഭിമാനത്തിന്റെയും ആദരവിന്റെയും സ്രോതസ്സുകളാണെന്നും തലമുറകളിലേക്ക് ഇത് പകരുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് കുറിച്ചു. മനുഷ്യരാശിക്ക് എക്കാലവും ഐക്യത്തിന്റെയും സൗമനസ്യത്തിന്റെയും വിളക്കുമാടമായി രാഷ്ട്രം നിലനിൽക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 17ന് യു.എ.ഇയിലെ ജനങ്ങളും പൗരന്മാരും താമസക്കാരും പ്രകടിപ്പിച്ച ഐക്യം, വിശ്വസ്തത, ഐക്യദാർഢ്യം, ധീരത എന്നിവയെ ഓർക്കുകയാണെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് എക്സിൽ കുറിച്ചു. ത്യാഗം, സമർപ്പണം തുടങ്ങി ആഴത്തിൽ വേരൂന്നിയ മൂല്യങ്ങൾ നമുക്കും ഭാവി തലമുറകൾക്കും ഒരു വഴിവിളക്കായി നിലനിൽക്കുമെന്നും യു.എ.ഇ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയുടെ മരുപ്പച്ചയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ എന്നിവരും സമാനമായ സന്ദേശം പങ്കുവെച്ചു. 2022 ജനുവരി 17ലെ ഹൂതി ആക്രമണത്തിന്റെ വാർഷികദിനത്തിലാണ് ഭരണാധികാരികൾ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

