Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ് ഹുമൈദ് ബിൻ റാഷിദ്...

ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി: ഭരണമികവിന്‍റെ 41 വർഷം

text_fields
bookmark_border
ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി: ഭരണമികവിന്‍റെ 41 വർഷം
cancel
camera_alt

ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

മികച്ച ഭരണ നേട്ടവുമായി 41 വർഷം പിന്നിടുകയാണ് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി. ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച ഭരണാധികാരികളുടെ പട്ടികയിൽ മുകളിലുള്ള വ്യക്തിയാണ് അദ്ദേഹം. യു.എ.ഇയിലെ ഏറ്റവും ചെറിയ എമിറേറ്റായ അജ്മാനെ വികസനങ്ങളുടെ പട്ടികയില്‍ ഏറെ മുന്നിലെത്തിക്കാന്‍ ഈ ഭരണാധികാരിക്ക് സാധിച്ചിട്ടുണ്ട്. 1928 മുതൽ 54 വർഷം അജ്മാൻ ഭരിച്ച അദ്ദേഹത്തിന്‍റെ പിതാവ് ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ പിൻഗാമിയായാണ്‌ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 1981 സെപ്റ്റംബർ ആറിന് അധികാരത്തില്‍ എത്തുന്നത്.

യു.എ.ഇ സ്ഥാപകരിൽ ഒരാളാണ്. പിതാവിന്‍റെ പ്രതിനിധിയായി യൂനിയൻ സ്ഥാപിക്കുന്നതിനും അതിന്‍റെ അടിത്തറ ശക്തിപ്പെടുത്താനും അദ്ദേഹം തന്‍റേതായ സംഭാവന നൽകുകയും സമര്‍പ്പണത്തോടും വിശ്വസ്തതയോടും കൂടി നിലകൊള്ളുകയും ചെയ്തു. ശൈഖ് ഹുമൈദിന്‍റെ ഭരണകാലത്ത് എല്ലാ മേഖലകളിലും അജ്മാന്‍ ഗണ്യമായ വികസനത്തിന് സാക്ഷ്യം വഹിച്ചു. രാജ്യത്തിന്‍റെ ഉന്നമനത്തിന് കൂടിയാലോചനയുടെ പ്രാധാന്യത്തിൽ ഉറച്ച് വിശ്വസിച്ച ശൈഖ് ഹുമൈദ് ഒരു ഉത്തരവിലൂടെ അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ സ്ഥാപിച്ചു. മറ്റംഗങ്ങളോടൊപ്പം അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയെ ചെയര്‍മാനായും ശൈഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമിയെ വൈസ് ചെയർമാനായും നിയമിച്ചു.

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകള്‍ക്കും ശൈഖ് ഹുമൈദ് പ്രത്യേക മുൻഗണന നൽകി. ഇതിനായി ഭരണാധികാരി നിരവധി പുതിയ സ്കൂളുകളും സർവകലാശാലകളും സ്ഥാപിച്ചു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യോഗ്യരായ വിദ്യാഭ്യാസ വിചക്ഷണമാരേയും ഉപകരണങ്ങളും ഒരുക്കി നൽകി. അജ്മാൻ യൂനിവേഴ്സിറ്റി, ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി, സിറ്റി യൂനിവേഴ്സിറ്റി കോളജ് ഓഫ് അജ്മാൻ (CUCA), യൂനിവേഴ്സിറ്റി കോളജ് ഓഫ് മദർ ആൻഡ് ഫാമിലി സയൻസസ്, ഫാത്തിമ കോളജ് ഓഫ് ഹെൽത്ത് സയൻസസ് തുടങ്ങി നിരവധി കോളജുകളും സർവ്വകലാശാലകളും ഇന്‍റർനാഷനൽ കോളജ് ഓഫ് ലോ ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് ടെക്നോളജിയും ഉണ്ട്.

മറ്റ് പ്രമുഖ സർവകലാശാലകളുടെ ശാഖകൾ സ്ഥാപിക്കുന്നതും മുഖ്യ പരിഗണനയിലാണ്. എമിറേറ്റിൽ ഉന്നത വിദ്യാഭ്യാസത്തിന്‍റെ അടിത്തറ സ്ഥാപിക്കുന്നതിൽ ശൈഖ് ഹുമൈദിന്‍റെ പ്രധാന പങ്കിനുള്ള അംഗീകാരമായി ബ്രിട്ടനിലെ ബെഡ്ഫോർഡ്ഷയർ യൂനിവേഴ്സിറ്റി 2009 ൽ അദ്ദേഹത്തിന് നിയമത്തിൽ പി.എച്ച്.ഡി നൽകി. മലേഷ്യയിലെ ഇന്‍റർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി അദ്ദേഹത്തിന് 2011ൽ തത്വശാസ്ത്രത്തിൽ ഓണററി പി.എച്ച്.ഡി നൽകി. 2011ൽ വിശിഷ്ട അക്കാദമിക് പ്രകടനത്തിനുള്ള ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അവാർഡും ശൈഖ് ഹുമൈദിന് ലഭിച്ചു.

നിക്ഷേപ സൗഹൃദമാക്കി

ശൈഖ് ഹുമൈദിന്‍റെ നിർദ്ദേശങ്ങൾക്കനുസൃതമായി അജ്മാന് പ്രമുഖ നിക്ഷേപ ലക്ഷ്യസ്ഥാനമായി മാറാൻ സാധിച്ചു. പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപ കമ്പനികൾക്ക് ആകർഷകവും സുതാര്യവുമായ നടപടിക്രമങ്ങള്‍ ഒരുക്കുകയും പ്രാദേശിക, വിദേശ നിക്ഷേപകർക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. അജ്മാൻ ഫ്രീ സോൺ എമിറേറ്റിലെ സംരംഭക പ്രവർത്തനങ്ങളെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലെയും വലിയ നിക്ഷേപങ്ങള്‍ക്ക് ആകർഷകമായ അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം ഒരു ക്ലാസ് നിക്ഷേപ ലക്ഷ്യസ്ഥാനം എന്ന നിലയിൽ എമിറേറ്റിന്‍റെ പ്രശസ്തി വർദ്ധിപ്പിക്കുന്നത്തിനും വലിയ പങ്ക് വഹിച്ചിട്ടുണ്ട്‌. ഇന്ന് എണ്ണായിരത്തിലേറെ സംരംഭങ്ങള്‍ കൊണ്ട് സമൃദമാണ് അജ്മാന്‍ ഫ്രീസോണ്‍.

വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും കപ്പലുകളുടെയും ചരക്കുകളുടെയും നീക്കങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയുന്ന അത്യാധുനിക ഉപകരണങ്ങളാല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അജ്മാൻ തുറമുഖം എമിറേറ്റിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അടിത്തറയായി ഉയര്‍ത്തുന്നതിലും ശൈഖ് ഹുമൈദ് നേതൃത്വപരമായ പങ്ക് വഹിച്ചു. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ അജ്മാന്‍ അഭൂതപൂര്‍വമായ നേട്ടമാണ് കൈവരിച്ചത്. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ പൂര്‍ത്തിയാക്കി. ഉന്നത നിലവാരമുള്ള പാലങ്ങളും റോഡുകളും അടക്കം മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതില്‍ അജ്മാന്‍ ഏറെ മുന്നിട്ടു നിന്നു. റിയല്‍ എസ്റ്റേറ്റ് നിക്ഷേപ, വിപണന മേഖലയില്‍ അജ്മാന്‍ വന്‍ കുതിപ്പാണ് ഇപ്പോള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

വിനോദ സഞ്ചാരത്തിന് മുൻഗണന

വിനോദ സഞ്ചാര മേഖലയില്‍ അജ്മാൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. വിനോദ സഞ്ചാരികൾക്കായി അജ്മാൻ മറീന, പൈതൃക ജില്ല, പുതിയ ഹോട്ടലുകൾ, മാർക്കറ്റുകൾ, പാർക്കുകൾ, വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടെ നിരവധി സൗകര്യങ്ങള്‍ സ്ഥാപിച്ചു. അജ്മാൻ മ്യൂസിയം എമിറേറ്റിന്‍റെ ചരിത്രത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. പൂർവ്വികരുടെ ചരിത്രം വിളിച്ചോതുന്നതാണ് അജ്മാന്‍ മ്യുസിയം. 18ാം നൂറ്റാണ്ടിന്‍റെ ചരിത്ര ശേഷിപ്പുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 1970 വരെ അജ്മാൻ ഭരണാധികാരിയുടെ ആസ്ഥാനം കൂടിയായിരുന്നു ഇത്. 1979 വരെ ഇത് പോലീസ് ആസ്ഥാനമായി ഉപയോഗിച്ചിരുന്നു. മ്യുസിയം വിനോദ സഞ്ചാര മേഖലക്ക് മുതല്‍കൂട്ടാകുന്ന തരത്തില്‍ പരിവര്‍ത്തനം നടത്തിയത് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയാണ്.

ആരോഗ്യ രംഗത്ത് കരുതൽ

അജ്മാന്‍റെ ആരോഗ്യ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. പൗരന്മാർക്കും താമസക്കാർക്കും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി നിലവിലുള്ള ആരോഗ്യ സ്ഥാപനങ്ങളും വിപുലീകരണത്തിന് സാക്ഷ്യം വഹിച്ചു. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും അജ്മാൻ ഭരണാധികാരി നടത്തിയിട്ടുണ്ട്. കോവിഡ്‌ മഹാമാരി നേരിടുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് അജ്മാന്‍ നടപ്പിലാക്കിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 1984 ൽ ഭരണാധികാരി രാജ്യത്തെ ആദ്യത്തെ ചാരിറ്റി സംഘടനയായ ഇന്‍റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ സ്ഥാപിച്ചു. അതോടൊപ്പം ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ചാരിറ്റി ഫൗണ്ടേഷനും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ശൈഖ് ഹുമൈദ് ബിൻ റാഷിദ് 1933ൽ അജ്മാനിലാണ് ജനിച്ചത്. യുവാവായിരിക്കെ അദ്ദേഹം ഒരു പള്ളിയിൽ നിന്ന് ഖുറാനും ഹദീസും ഇസ്ലാമിക അധികാരപരിധിയുടെ അടിത്തറയും പഠിച്ചു. വിദ്യാഭ്യാസം തുടരാൻ കെയ്‌റോയിലേക്ക് പോകുന്നതിനുമുമ്പ്, മത, ഭാഷ, ഗണിതശാസ്ത്ര പണ്ഡിതന്മാരില്‍ നിന്നും വിദ്യ കരസ്ഥമാക്കിയിരുന്നു. ചെറുപ്പകാലം മുതല്‍ക്കേ ശൈഖ് ഹുമൈദിന് ഭരണ നിര്‍വ്വഹണത്തില്‍ പരിശീലനം ലഭിച്ചിരുന്നു. 1960 ലാണ് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അജ്മാനിലെ കിരീടാവകാശിയായി ചുമതലയേല്‍ക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAESheikh Humaid bin Rashid Al NuaimiRuler of Ajman
News Summary - Sheikh Humaid Bin Rashid Al Nuaimi, Ruler of Ajman completes 41 years
Next Story