ദുബൈയിൽ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ നിരീക്ഷണത്തിലാണ്; നിയമലംഘനങ്ങൾ ഓട്ടോമാറ്റിക്കായി കണ്ടെത്തും
text_fieldsആർ.ടി.എ സ്മാർട് സംവിധാനത്തിൽ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ നിരീക്ഷിക്കുന്നു
ദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ഡ്രൈവിങ് സ്കൂൾ വാഹനങ്ങളെ നിരീക്ഷിക്കുന്നതിന് സജ്ജീകരിച്ച സ്മാർട് സംവിധാനം വിജയകരം. പരിശീലകരുടെയും പരിശീലിക്കപ്പെടുന്നവരുടെയും ഇടപെടലുകാളാണ് എ.ഐ സാങ്കേതികവിദ്യ സംയോജിപ്പിച്ച സംവിധാനം വഴി നിരീക്ഷിക്കുന്നത്. 17ലക്ഷത്തിലേറെ പരിശീലന സെഷനുകൾ കഴിഞ്ഞ ഏഴ് മാസങ്ങളിൽ സംവിധാനം വഴി നിരീക്ഷിച്ചതായി അധികൃതർ വെളിപ്പെടുത്തി. 2,45,764 ട്രെയ്നികളുടെ സെഷനുകളാണ് ഇതിലൂടെ പരിശോധിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സംവിധാനം 14ഇരട്ടി നിരീക്ഷണങ്ങൾ ഇത്തവണ നടത്തിയിട്ടുണ്ട്.
ഡ്രൈവിങ് സ്കൂൾ വാഹനങ്ങളിൽ സ്ഥാപിച്ച കാമറകൾ വഴിയാണ് നിരീക്ഷണം നടത്തുന്നത്. ഈ കാമറകൾ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചതാണ്. പരിശീലകരോ പരിശീലിക്കപ്പെടുന്നവരോ മൊബൈൽ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, നിശ്ചിത പരിശീലന സോണുകൾക്ക് പുറത്തുപോവുക, യൂനിഫോം ധരിക്കാതിരിക്കുക, ഡ്രൈവ് ചെയ്യുമ്പോൾ തിന്നുകയോ കുടിക്കുകയോ ഉറങ്ങുകയോ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ സംവിധാനം ഓട്ടോമറ്റിക്കലായി കണ്ടെത്തും.
ആർ.ടി.എയുടെ നിരീക്ഷണ സംവിധാനങ്ങളിൽ ഏറ്റവും നൂതനമായ രീതികൾ ഉപയോഗപ്പെടുത്തുന്നതിന്‍റെയും ഡിജിറ്റൽ പരിവർത്തനത്തിന്‍റെയും പ്രതിബദ്ധതയാണ് നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു. അതോറിറ്റിയുടെ ലൈസൻസിങ് ഇന്‍റലിജൻസ് ഓപറേഷൻസ് സെന്‍ററാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇൻസ്പെക്ടർമാരുടെ സ്മാർട് ടാബ്ലെറ്റുകൾ വഴിയുള്ള സംവിധാനം പരിശോധന സമയം 20മിനുറ്റിൽ നിന്ന് ഒരു മിനുറ്റിലേക്ക് ചുരുക്കിയിട്ടുണ്ട്. പുതിയ സംവിധാനം വഴി റെക്കോർഡ് ചെയ്യപ്പെടുന്ന നിയമലംഘനങ്ങളുടെ എണ്ണം അഞ്ചിരട്ടിയായിട്ടുമുണ്ട്. പരിശീലന സേവനത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഏറ്റവും ഉയർന്ന സുരക്ഷ പാലിക്കാനും സ്മാർട് നീരീക്ഷണ സംവിധാനം സഹായിച്ചിട്ടുമുണ്ട്.
ഫീൽഡ് നിരീക്ഷണ സംവിധാനത്തിന്‍റെ പരമ്പരാഗത രീതികളിൽ വലിയ മാറ്റത്തിന് തുടക്കം കുറിച്ചാണ് സ്മാർട് മോണിറ്ററിങ് സിസ്റ്റം രൂപപ്പെടുത്തിയത്. ഡ്രൈവർമാരെ ഏറ്റവും ഉയർന്ന നിലവാരത്തിൽ രൂപപ്പെടുത്തിയെടുക്കുന്ന പരിശീലന അന്തരീക്ഷം ഒരുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണിത്. ദുബൈ സർക്കാറിന്‍റെ ഡിജിറ്റൽ പരിവർത്തന നയത്തിന് അനുസരിച്ചാണിത് നടപ്പിലാക്കിയിരിക്കുന്നത്. ഈ വർഷം സംവിധാനത്തിൽ പുതിയ ചില സജ്ജീകരണങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

