വിവിധ സാമൂഹിക സംരംഭങ്ങളുമായി ആർ.ടി.എ
text_fieldsറമദാൻ പദ്ധതികളുടെ ഭാഗമായി ആർ.ടി.എ ഉദ്യോഗസ്ഥർ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നു
ദുബൈ: റമദാൻ മാസത്തിൽ വിവിധ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ഇഫ്താർ കിറ്റ് വിതരണം അടക്കം 20പദ്ധതികളാണ് ഇത്തവണ നടപ്പിലാക്കുന്നത്. ആർ.ടി.എ ആസ്ഥാനം, മെട്രോ സ്റ്റേഷനുകൾ, സമുദ്ര ഗതാഗത കേന്ദ്രങ്ങൾ എന്നിവ കേരന്ദീകരിച്ചാണ് പരസ്പര സഹകരണത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും സന്ദേശവുമായി സംരംഭങ്ങൾ നടപ്പിലാക്കുന്നത്.
നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർ, അനാഥകൾ, ട്രക്ക് ഡ്രൈവർമാർ, സൈക്ലിസ്റ്റുകൾ, മെട്രോ യാത്രക്കാർ, ദരിദ്രരായ കുടുംബങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ വ്യത്യസ്തരായ ആളുകൾക്ക് ഗുണകരമാകുന്നതാണ് പദ്ധതികളെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. സഹിഷ്ണുത, സഹകരണം, കൂട്ടായപ്രവർത്തനം എന്നീ മൂല്യങ്ങളെ പ്രതിഫലിക്കുന്നതിനൊപ്പം, യു.എ.ഇയുടെ ‘ഇയർ ഓഫ് കമ്മ്യൂണിറ്റി’ വർഷാചരണത്തിന്റെ ഭാഗമായി കൂടിയാണ് പദ്ധതികൾ രൂപപ്പെടുത്തിയതെന്ന് ആർ.ടി.എ കോർപറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് വിഭാഗം സി.ഇ.ഒ അബ്ദുല്ല അൽ അലി പറഞ്ഞു.
സംരഭത്തിന്റെ ഭാഗമായ അഞ്ച് പദ്ധതികൾ റമദാൻ ഒന്നുമുതൽ ആരംഭിച്ചിട്ടുണ്ട്. ബൈത്തുൽ ഖൈർ സൊസൈറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഇഫ്താർ വിതരണ സംരംഭമാണ് ഇതിൽ പ്രധാനപ്പെട്ടത്. റമദാൻ രണ്ടാമത്തെ ആഴ്ച ‘മീൽസ് ഓൺ വീൽസ്’ എന്ന സംരംഭത്തിനും തുടക്കമാകും. ബസ്, ഡെലിവറി, ട്രക്ക് ഡ്രൈവർമാർ, ലേബർ ക്യാമ്പുകൾ, അബ്ര യാത്രക്കാർ തുടങ്ങിയവർക്ക് ഉപകാരപ്പെടുന്ന പദ്ധതിയാണിത്. മെട്രോ സ്റ്റേഷനുകൾ വഴി 5000ഇഫ്താർ കിറ്റുകളാണ് വിതരണം ചെയ്യുക. തൊഴിലാളികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിന് സ്റ്റേഷനുകളിൽ കിയോസ്കുകളും സ്ഥാപിക്കും.
റമദാൻ 19ന് രാജ്യത്ത് ആചരിച്ചുവരുന്ന സായിദ് ഹ്യുമാനിറ്റേറിയൻ ദിനത്തോടനുബന്ധിച്ച് ആർ.ടി.എ റമദാൻ റേഷൻ പദ്ധതിയും നടപ്പിലാക്കും. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ നിര്യാണ വാർഷികത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും ദിനാചരണം ആചരിക്കുന്നത്. റമദാൻ റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിന് നോൽ കാർഡുകൾ നൽകും. ആർ.ടി.എ ജീവനക്കാർക്കായി 15 പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

