ദുബൈയിലെ 30 കാൽനടപ്പാലങ്ങളിൽ ലൈറ്റിങ് സംവിധാനം നവീകരിക്കുന്നു; പദ്ധതിയുമായി ആർ.ടി.എ
text_fieldsവെളിച്ചസംവിധാനം വിപുലീകരിച്ച നടപ്പാലങ്ങളിലൊന്ന്
ദുബൈ: ദുബൈയിലെ 30 പ്രധാന കേന്ദ്രങ്ങളിൽ നടപ്പാലങ്ങളിലെ വെളിച്ചസംവിധാനം വിപുലീകരിക്കുന്നതിനുള്ള പദ്ധതിക്ക് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) തുടക്കം കുറിച്ചു. റോഡ് സൗകര്യങ്ങൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം ഒരുക്കുന്നതിനായി ആർ.ടി.എ ആവിഷ്കരിച്ച 'പീപ്പിൾ ഹാപ്പിനസ്' സംരംഭത്തിന്റെ ഭാഗമായാണിത്. 30 കാൽനടപ്പാലങ്ങളിൽ അത്യാധുനിക ഊർജക്ഷമതയുള്ള എൽ.ഇ.ഡി ലൈറ്റിങ് സംവിധാനങ്ങൾ സജ്ജീകരിക്കും.
സാങ്കേതികവിദ്യകളുടെ പിൻബലത്തോടെയാണിത്. മോൻഷൻ സെൻസർ അടിസ്ഥാനമാക്കിയാണ് ലൈറ്റുകൾ പ്രവർത്തിക്കുന്നത്. പാലത്തിൽ ആളുകളുടെ സാന്നിധ്യം തിരിച്ചറിയുമ്പോൾ ലൈറ്റുകൾ സ്വയമേവ പ്രകാശിക്കും. ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഊർജ ഉപയോഗം കുറക്കാനും പ്രവർത്തനച്ചെലവ് ലാഭിക്കാനും ഇത് സഹായിക്കുന്നു.
പദ്ധതിയിൽ ഉൾപ്പെടുത്തിയ പാലങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനും സാങ്കേതിക ആവശ്യകതകൾ കണ്ടെത്തുന്നതിനുമായി ആർ.ടി.എ പഠനങ്ങളും ഫീൽഡ് സർവേകളും നടത്തിയിരുന്നു. നിലവിലുള്ള വെളിച്ചത്തിന്റെ അളവ് വിശകലനം ചെയ്യാനും ഓരോ സ്ഥലത്തെയും ആവശ്യങ്ങൾ നിർണയിക്കാനും ലൈറ്റ് മീറ്ററുകൾ ഉപയോഗിച്ചു. അംഗീകൃത മാനദണ്ഡങ്ങൾക്ക് അനുസൃതമായി കൃത്യമായ വെളിച്ചം ഉറപ്പാക്കാനും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റാനും ഇത് സഹായിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 21 കാൽനടപ്പാലങ്ങളിലെ വെളിച്ചസംവിധാനം നവീകരിക്കും. 2026ന്റെ അവസാന പാദത്തിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

