ഗതാഗത ബോധവത്കരണവുമായി ആർ.ടി.എ വേനൽ കനക്കുകയാണ്; വാഹന യാത്രയിൽ ജാഗ്രത വേണം
text_fieldsദുബൈ: രാജ്യം കടുത്ത വേനലിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ അപകടങ്ങൾ കുറക്കുകയെന്ന ലക്ഷ്യത്തോടെ ‘സമ്മർ വിത്തൗട്ട് ആക്സിഡന്റ്’ എന്ന പേരിൽ ബോധവത്കരണ കാമ്പയിൻ ആരംഭിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ആഭ്യന്തര മന്ത്രാലയവുമായും ദുബൈ പൊലീസുമായും സഹകരിച്ചാണ് വാർഷിക കാമ്പയിൻ ഒരുക്കുന്നത്.
കാമ്പയിനിന്റെ ഭാഗമായി നഗരത്തിലെ റോഡുകൾ, കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലെ ഇലക്ട്രിക് സ്ക്രീനുകൾ, സ്മാർട്ട് ആപ്പുകൾ, സമൂഹ മാധ്യമങ്ങൾ എന്നിവ വഴി ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കും.
ജൂലൈ ആദ്യത്തിൽ ആരംഭിക്കുന്ന കാമ്പയിൻ സെപ്റ്റംബർ അവസാനം വരെ തുടരും. എമിറേറ്റിൽ റോഡ് സുരക്ഷ ശക്തമാക്കുന്നതിനുള്ള അതോറിറ്റിയുടെ കാഴ്ചപ്പാട് അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
എല്ലാ വാഹന ഉടമകളും വാഹന പരിശോധനയും സർവിസും പൂർത്തിയാക്കണമെന്ന് ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി വിഭാഗം ഡയറക്ടർ അഹമ്മദ് അൽ ഖസൈമി പറഞ്ഞു. വാഹനങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് അതിവേഗത്തിൽ ഒരു പരിശോധന നല്ലതാണ്. ടയർ പ്രഷർ, എൻജിൻ ഓയിൽ, കൂളന്റ് ലെവൽ, വാഹനത്തിനടിയിൽ വെള്ളമോ ഓയിലോ ചോരുന്നുണ്ടോ എന്നത് തുടങ്ങിയവ ഈ പരിശോധനയിൽ ഉറപ്പാക്കാം.
അപ്രതീക്ഷിത അപകടങ്ങളെ തടയാൻ ഈ പരിശോധനകൾ സഹായിക്കുമെന്നും ഇതിലൂടെ എമിറേറ്റിലെ റോഡ് സുരക്ഷ ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.ടി.എ വിവിധ വേനൽകാല പരിപാടികളിലും ഭാഗഭാക്കാകുന്നുണ്ട്. ദുബൈ സമ്മർ സർപ്രൈസ്, വിദ്യാർഥികളുടെ സമ്മർ ക്യാമ്പ് എന്നിവയിലും പങ്കെടുത്ത് ബോധവത്കരണം ശക്തമാക്കും.
ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടത്
- വാഹനത്തിന്റെ എ.സി ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- എൻജിൻ ഓയിലും റേഡിയേറ്റർ കൂളന്റും നല്ല നിലയിലാണെന്ന് ഉറപ്പാക്കുക
- ടയർ പ്രഷർ ശരിയായ നിലയിലാണെന്നും ടയറുകൾക്ക് കേടുപാടില്ലെന്നും ഉറപ്പാക്കുക.
- ബ്രേക്ക് സംവിധാനം സുരക്ഷിതവും മികച്ചതുമെന്ന് ഉറപ്പാക്കുകയും കേടുപാടുകൾ വന്നത് മാറ്റിസ്ഥാപിക്കുകയും ചെയ്യുക
- വാഹനം വൃത്തിയായി സൂക്ഷിക്കുക. പ്രത്യേകിച്ച് വിൻഡ്സ്ക്രീൻ, വിൻഡോകൾ, ഹെഡ്ലൈറ്റുകൾ എന്നിവ എപ്പോഴും വൃത്തിയാക്കുക.
- നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ദീർഘനേരം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

