ദുബൈ: പുതിയ അധ്യയനവർഷം തുടങ്ങുന്നതിന് മുന്നോടിയായി സ്കൂൾ ബസുകളുടെ എണ്ണം വർധിപ്പിച്ച് ആർ.ടി.എയുടെ ദുബൈ ടാക്സി കോർപറേഷൻ. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ കൂടുതൽ കുട്ടികളെ സുരക്ഷിതമായി സ്കൂൾ ബസുകളിൽ വിദ്യാലയങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണിത്. സ്കൂൾ ബസുകളിൽ 50 ശതമാനം കുട്ടികളെ മാത്രമാണ് അനുവദിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ബസുകളുടെ എണ്ണം വർധിപ്പിച്ചത്. 7300 കുട്ടികളാണ് സ്കൂൾ ബസുകളിൽ യാത്രക്ക് രജിസ്റ്റർ ചെയ്തത്.
ദുബൈയിലെ 22 സ്കൂളുകളുമായി ദുബൈ ടാക്സി കോർപറേഷന് കരാറുണ്ട്. കോവിഡ് മുൻകരുതൽ നിർദേശങ്ങൾ പൂർണമായി പാലിച്ചാണ് ബസുകൾ സർവിസ് നടത്തുന്നതെന്ന് ഡി.ടി.സി സി.ഇ.ഒ മൻസൂർ റഹ്മ അൽ ഫലാസി പറഞ്ഞു. മികച്ച പരിശീലനം ലഭിച്ച ഡ്രൈവർമാരെയും ജീവനക്കാരെയുമാണ് ബസുകളിൽ നിയോഗിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാൻ പരിശീലനം അവർക്ക് നൽകിയിട്ടുണ്ട്. ദുബൈ ആംബുലൻസ് സർവിസ് കോർപറേഷനുമായി സഹകരിച്ച് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകിയിരുന്നു.
വിദ്യാർഥികളെ നിരീക്ഷിക്കാൻ ഹൈടെക് ഉപകരണങ്ങൾ ബസുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. കാമറ, സെൻസർ, എമർജൻസി ബട്ടൺ, ജി.പി.എസ് ട്രാക്കിങ് സംവിധാനം, റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ സംവിധാനം തുടങ്ങിയവ വാഹനത്തിലുണ്ട്.