യാത്രക്കാരുടെ അഭിരുചിയറിയാൻ ആർ.ടി.എ സർവേ
text_fieldsആർ.ടി.എയുടെ മെട്രോ, ടാക്സി, ബസ് സർവിസുകൾ
ദുബൈ: താമസക്കാരും സന്ദർശകരുമായ ഉപഭോക്താക്കളുടെ അഭിരുചികളും സ്വഭാവവും മുൻഗണനകളും മനസ്സിലാക്കാനായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) സർവേ ആരംഭിക്കുന്നു. വ്യക്തികൾ, കുടുംബങ്ങൾ, കമ്പനികൾ എന്നിവരിൽനിന്നാണ് ഇതിനായി വിശദാംശങ്ങൾ ചോദിച്ചറിയുക. റോഡ്, ഗതാഗത മേഖലയിലെ ഭാവി പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ സർവേ ഫലം ഉപയോഗപ്പെടുത്തും. ഈ മാസം ആരംഭിക്കുന്ന സർവേ ജൂൺ വരെ തുടരും. ദുബൈയിലെയും സമീപ എമിറേറ്റുകളിലെയും വ്യത്യസ്ത ഭാഗങ്ങളിലുള്ള 7000 പേരെയാണ് പഠനത്തിനുവേണ്ടി സമീപിക്കുക. പൗരന്മാരും താമസക്കാരുമടക്കം 5000 കുടുംബങ്ങൾ, ജോലിക്കാരും സന്ദർശകരുമായ 1500 വ്യക്തികൾ, ദുബൈയിൽ പ്രവർത്തിക്കുന്ന 500 കാർഗോ ട്രാൻസ്പോർട്ട് കമ്പനികൾ എന്നിവരെയാണ് സർവേയിൽ ഉൾപ്പെടുത്തുക.
യാത്രകളുടെ പുതിയ ട്രെന്റുകൾ, താമസക്കാരുടെയും സന്ദർശകരുടെയും അഭിരുചികൾ എന്നിവ പഠിക്കുന്നതിനുള്ള സർവേ അടുത്ത ദിവസങ്ങളിൽതന്നെ ആരംഭിക്കുമെന്ന് ആർ.ടി.എ ഗതാഗത ആസൂത്രണ വിഭാഗം ഡയറക്ടർ മുന അൽ ഉസൈമി പറഞ്ഞു. വീടുകളിലെത്തി ചോദ്യങ്ങൾ കൈമാറൽ, ഫീൽഡ് വിസിറ്റുകൾ, വ്യക്തിഗത അഭിമുഖങ്ങൾ, ഓൺലൈൻ അഭിമുഖങ്ങൾ എന്നിവയാണ് സർവേക്കായി ഉപയോഗിക്കുക. കൂടുതൽ വ്യക്തികളിൽനിന്ന് വിവരം ശേഖരിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സർവേയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് പഠിച്ചശേഷം റിപ്പോർട്ട് തയാറാക്കും. ദുബൈ മെട്രോ, ട്രാം, ബസുകൾ, സമുദ്ര ഗതാഗത സംവിധാനങ്ങൾ, മറ്റു ചെറുതും വലുതുമായ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് വിവരങ്ങൾ ഉപയോഗിക്കും.
എമിറേറ്റിലെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പൊതുജനങ്ങളുടെ ഇടപെടൽ പ്രധാനപ്പെട്ടതാണെന്നും അതിനാൽ സർവേയോട് സഹകരിക്കണമെന്നും അൽ ഉസൈമി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

