ദുബൈ അൽ സഫ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം; വൻ റോഡ് വികസന പദ്ധതിയുമായി ആർ.ടി.എ
text_fieldsദുബൈ: ദുബൈയിലെ സിറ്റി വാക്ക്, അൽ സഫ പ്രദേശങ്ങളിലെ അൽ സഫ സ്ട്രീറ്റിൽ വൻ റോഡ് വികസന പദ്ധതിയുമായി ആർ.ടി.എ. പദ്ധതിക്ക് തുടക്കമായതോടെ പുതിയ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വന്നു. നിർമാണം നടക്കുന്ന ഭാഗത്തിന് സമാന്തരമായി പുതുതായി നിർമിച്ച പാതകളിലൂടെയാണ് നിലവിൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ തിരിച്ചുവിട്ടിരിക്കുന്നത്. അൽ സത്വ, അൽ മുൽതഖ സ്ട്രീറ്റുകൾ കൂടിച്ചേരുന്ന കവലയിലെ ട്രാഫിക് സിഗ്നൽ ഒഴിവാക്കി തടസ്സമില്ലാത്ത യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ അൽ സഫ സ്ട്രീറ്റിൽ യു-ടേൺ സൗകര്യങ്ങളും വിപുലീകരിച്ചു.
ശൈഖ് സായിദ് റോഡ് ജങ്ഷൻ മുതൽ അൽ വസൽ സ്ട്രീറ്റ് വരെയുള്ള 1,500 മീറ്റർ ദൂരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഈ പാതയിലെ യാത്രാസമയം 12 മിനിറ്റിൽ നിന്ന് വെറും മൂന്നുമിനിറ്റായി കുറയും. റോഡിന്‍റെ ഇരുവശങ്ങളിലേക്കുമുള്ള വരികളുടെ എണ്ണം മൂന്നിൽ നിന്ന് നാലാക്കി ഉയർത്തുന്നതോടെ മണിക്കൂറിൽ 6,000 വാഹനങ്ങളിൽ നിന്ന് 12,000 ആയി ശേഷി ഇരട്ടിക്കും. മൊത്തം 3,120 മീറ്റർ നീളമുള്ള രണ്ട് മേൽപ്പാലങ്ങളും രണ്ട് തുരങ്കങ്ങളും ഉൾപ്പെടുന്നതാണ് ഈ വൻകിട പദ്ധതി. അൽ വസൽ റോഡിൽനിന്ന് ശൈഖ് സായിദ് റോഡിലേക്കുള്ള നാല് വരി മേൽപ്പാലവും അൽ സത്വയിൽ നിന്നുള്ള രണ്ടുവരി പാലവുമാണ് ഇതിൽ പ്രധാനം. കൂടാതെ അൽ വസൽ സ്ട്രീറ്റിലേക്ക് ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന തുരങ്കങ്ങളും ഇവിടെ നിർമിക്കുന്നുണ്ട്. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായി പ്രത്യേക പാതകളും പദ്ധതി പ്രദേശത്ത് ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

