ജീവനക്കാരുടെ 55 ശതമാനം വാഹനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കി ആർ.ടി.എ
text_fieldsആർ.ടി.എയുടെ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ
ദുബൈ: ജീവനക്കാർ ഉപയോഗിക്കുന്ന 55 ശതമാനം വാഹനങ്ങളും പരിസ്ഥിതി സൗഹൃദ മോഡലുകളാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 260 വാഹനങ്ങളാണ് നിലവിൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങളായി പ്രവർത്തിക്കുന്നതെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.പരിസ്ഥിതി സംരക്ഷണത്തിനും എമിറേറ്റിലെ ഗതാഗത സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയെ സാക്ഷ്യപ്പെടുത്തുന്നതാണിത്. എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളിൽ ഹൈബ്രിഡ്, പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ വർധിപ്പിക്കണമെന്ന ദുബൈ സുപ്രീം കൗൺസിൽ ഓഫ് എനർജിയുടെ നിർദേശം നടപ്പിലാക്കിയതിന്റെ ഫലമാണ് ആർ.ടി.എയുടെ നേട്ടം. ഇതിലൂടെ ആർ.ടി.എ 2030ൽ കൈവരിക്കേണ്ട ലക്ഷ്യമായ 30 ശതമാനവും മറികടന്ന് ഏറെ മുന്നോട്ടുപോയി.
ഈ സംരംഭത്തിലൂടെ കാർബൺ പുറന്തള്ളൽ കുറക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പ്രതിബദ്ധത ആർ.ടി.എ വീണ്ടും ഉറപ്പിക്കുകയാണെന്ന് ആർ.ടി.എയുടെ കോർപറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവിസസ് സെക്ടറിലെ അഡ്മിനിസ്ട്രേറ്റിവ് സർവിസസ് ഡയറക്ടർ ഫാത്തിമ അൽ മൻദൂസ് പറഞ്ഞു.
പൊതുഗതാഗതം, ആർ.ടി.എ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും, മാലിന്യ സംസ്കരണം എന്നീ പ്രധാന രംഗങ്ങളിലൂടെ 2050 ഓടെ നെറ്റ്-സീറോ എമിഷൻ കൈവരിക്കാനുള്ള ആർ.ടി.എയുടെ ശ്രമങ്ങളെ ഇത് സഹായിക്കും.വാഹന ട്രാക്കിങ് സംവിധാനങ്ങളുടെ നവീകരണം, ഹൈബ്രിഡ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പ്രവർത്തനത്തിനുമായി നൂതന സാങ്കേതികവിദ്യ സ്വീകരിക്കൽ എന്നിവയുൾപ്പെടെ വാഹനവ്യൂഹങ്ങളുടെ മാനേജ്മെന്റിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ നിരവധി നടപടികൾ അതോറിറ്റി തുടർന്നും നടപ്പിലാക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

