പുതിയ ‘നോൽ ട്രാവൽ’ കാർഡ് പുറത്തിറക്കി ആർ.ടി.എ
text_fields‘നോൽ ട്രാവൽ’ കാർഡ് പുറത്തിറക്കുന്നത് സംബന്ധിച്ച് ആർ.ടി.എ അധികൃതർ വിശദീകരിക്കുന്നു
ദുബൈ: വിനോദ സഞ്ചാരികൾക്കും താമസക്കാർക്കും പൗരൻമാർക്കും ഉപയോഗിക്കാവുന്ന പുതിയ ‘നോൽ ട്രാവൽ’ കാർഡ് പുറത്തിറക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 200 ദിർഹമിന്റെ കാർഡ് വഴി 70,000 ദിർഹം വരെ മൂല്യമുള്ള ഡിസ്കൗണ്ടുകൾ ലഭിക്കും. ദുബൈയിലെ പൊതു ഗതാഗതം, പാർക്കിങ്, വിനോദ, ആകർഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുതിയ കാർഡ് സ്വീകരിക്കും.
അതോടൊപ്പം ഹോട്ടലുകൾ, ഷോപ്പുകൾ, സാഹസിക വിനോദങ്ങൾ, മറ്റു വിനോദ കേന്ദ്രങ്ങൾ, മറ്റു പങ്കാളികൾ എന്നിവിടങ്ങളിൽ കാർഡ് വഴി അഞ്ചുമുതൽ 10 ശതമാനംവരെ ഇളവുകൾ ലഭിക്കും.
ആദ്യഘട്ടത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും സൂം, യൂറോപ്കാർഡ് സ്റ്റോറുകളിലുമാണ് കാർഡ് ലഭിക്കുക. 200 ദിർഹമിന്റെ കാർഡിൽ 19 ദിർഹമാണ് ബാലൻസുണ്ടാവുക. ഒരു വർഷക്കാലാവധിയുള്ള കാർഡ് 150 ദിർഹം നൽകിയാൽ പുതുക്കിക്കിട്ടും. നിലവിലെ നോൽ കാർഡുകൾ പുതിയതിലേക്ക് മാറ്റാൻ സംവിധാനമില്ല. എന്നാൽ ഇക്കാര്യം ഭാവിയിൽ പരിഗണിക്കുമെന്ന് ആർ.ടി.എ അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ് ഗതാഗത മേഖലയെയും നഗരത്തിലെ സംവിധാനങ്ങളെയും ബന്ധിപ്പിക്കുന്ന കാർഡ് രൂപപ്പെടുത്തിയതെന്ന് ആർ.ടി.എയിലെ കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവിസസ് സെക്ടറിലെ സി.ഇ.ഒ മുഹമ്മദ് അൽ മുദർറബ് പറഞ്ഞു. പുതിയ കാർഡിന് മാത്രമായുള്ള ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും അടങ്ങുന്ന പാക്കേജുകൾ ലഭിക്കുമെന്ന് ഓട്ടോമാറ്റഡ് കലക്ഷൻ സിസ്റ്റംസ് വകുപ്പ് ഡയറക്ടർ സലാഹുദ്ദീൻ അൽ മർസൂഖി പറഞ്ഞു. നിലവിൽ ഫിസിക്കൽ കാർഡ് മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും എന്നാൽ ബാർ കോഡ് ഉപയോഗിച്ച് ഡിജിറ്റൽ കാർഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലുള്ള നോൾ കാർഡുകളിൽനിന്ന് പുതിയ നോൽ ട്രാവൽ കാർഡിലേക്ക് ബാലൻസ് മാറ്റുന്നതിനുള്ള സാധ്യതയെക്കുറിച്ച് ആർ.ടി.എ പഠിക്കുമെന്നും അൽമർ സൂഖി മാധ്യമങ്ങേളോട് പറഞ്ഞു. നിലവിൽ റസ്റ്റാറൻറുകൾ, വിനോദ സൗകര്യങ്ങൾ തുടങ്ങിയവ അടക്കം, 100ലധികം പങ്കാളികൾ ഈ കാർഡ് സ്വീകരിക്കുന്നുണ്ടെന്നും അവ സമയബന്ധിതമായി വർധിക്കുമെന്നും എം.ഡി.എക്സ് സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ അമർ അബ്ദുൽസമദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

