സമുദ്ര ഗതാഗതം കാര്യക്ഷമമാക്കാൻ നൂതന സംവിധാനവുമായി ആർ.ടി.എ
text_fieldsആർ.ടി.എയുടെ സമുദ്ര ഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ
ദുബൈ: ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സമുദ്ര ഗതാഗതം കാര്യക്ഷമമാക്കാൻ ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ഓരോ സീസണിന്റെയും തിരക്കും ആവശ്യവും പരിഗണിച്ചുള്ള സർവീസുകൾ ഏർപ്പെടുത്താനാണ് പദ്ധതി. ഇതിനായി ആർ.ടി.എയുടെ സീസണൽ നെറ്റ്വർക്ക് പദ്ധതി കാര്യക്ഷമമാക്കുന്നതിന് ശാസ്ത്രീയവും സാങ്കേതിക മികവുള്ളതുമായ രീതികൾ ഉപയോഗപ്പെടുത്തും. പൊതു അവധിദിനങ്ങൾ, ആഘോഷ സീസണുകൾ, വലിയ പരിപാടികൾ നടക്കുന്ന ദിവസങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് ആവശ്യമനുസരിച്ച് സർവീസുകളിൽ മാറ്റം വരുത്താനും പുതിയ രീതിയനുസരിച്ച് സാധിക്കും.
വിവിധ സ്രോതസുകളിൽ നിന്നുള്ള ഡാറ്റകൾ വിലയിരുത്തി രൂപപ്പെടുത്തുന്ന അൽഗോരിതം അനുസരിച്ചാണ് സംവിധാനം രൂപപ്പെടുത്തുന്നത്. ഈ അൽഗോരിതം ഉപയോഗിക്കുന്നതിലൂടെ സുതാര്യമായ പ്രവർത്തന രൂപരേഖ തയ്യാറാക്കാനും ഭാവിയിലേക്ക് ആവശ്യമായ ഡാറ്റാ വിശകലനത്തിനും സാധിക്കും. ഈ സംവിധാനത്തിൽ ഓരോ സീസണുകളും സ്വതന്ത്രമായാണ് വിലയിരുത്തുക. സമുദ്രഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതും ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തുന്നതുമാണ് സംവിധാനം. സമുദ്ര ഗതാഗത സംവിധാനങ്ങളിൽ നിന്നുള്ള ഡാറ്റകൾ ഉപയോഗിച്ച് ആവശ്യവും തിരക്കും പ്രവചിക്കുന്നതിന് അനുസരിച്ചാണ് ഗതാഗത സൗകര്യങ്ങൾ ഒരുക്കുക. യാത്രക്കാരുടെ എണ്ണം, തിരക്ക്, സമുദ്ര ഗതാഗത സംവിധാനങ്ങളിൽ നിന്നുള്ള വരുമാനം എന്നിവ വിലയിരുത്തിയാണ് ട്രിപ്പുകളുടെ എണ്ണം നിശ്ചയിക്കുന്നത്.
രാജ്യത്ത് വേനൽ കടുത്തു തുടങ്ങിയ സാഹചര്യത്തിൽ സമ്മർ സീസണിലെ പദ്ധതി വെള്ളിയാഴ്ച മുതൽ നടപ്പിലാക്കിത്തുടങ്ങി. ഉപഭോക്താക്കൾക്ക് കൂടുതൽ ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള സർവീസുകൾ ഒരുക്കുന്ന രീതിയിലാണ് പദ്ധതി പ്രവർത്തിക്കുക. ഇത് സമുദ്ര ഗതാഗത മേഖലയിൽ യാത്രക്കാരുടെ എണ്ണം ഉറപ്പുവരുത്താനും സേവനങ്ങളുടെ ഓപറേഷൻ ചിലവുകൾ കുറക്കാനും സഹായിക്കും. പരമ്പരാഗത അബ്രകൾ മുതൽ ആഡംഭര ബോട്ടുകൾ വരെ നിരവധി സംവിധാനങ്ങൾ ആർ.ടി.എയുടെ സമുദ്ര ഗതാഗതത്തിന്റെ ഭാഗമാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ദുബൈയിലെ സമുദ്ര ഗതാഗത സംവിധാനങ്ങൾ ഒരോകാലത്തും നൂതന രീതികൾ ഉപയോഗപ്പെടുത്തി നവീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

