ഡെലിവറി ബൈക്കുകളിൽ കാമറ വരുന്നു; സ്മാർട്ട് നിരീക്ഷണ സംവിധാനവുമായി ആർ.ടി.എ
text_fieldsദുബൈ: ദുബൈയിലെ റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് ഇനി വളഞ്ഞുപുളഞ്ഞും പറപറന്നുമൊന്നും സഞ്ചരിക്കാനാവില്ല. അമിതവേഗതയും സഞ്ചാരരീതികളുമൊക്കെ തത്സമയം ഒപ്പിയെടുക്കാൻ ബൈക്കുകളിൽ കാമറയടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളെത്തുകയാണ്. റോഡിലെ സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനുമായി ഡെലിവറി മോട്ടോർസൈക്കിളുകളിൽ സ്മാർട്ട് നിരീക്ഷണ സംവിധാനമൊരുക്കാൻ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) തീരുമാനിച്ചു. അത്യാധുനിക സാങ്കേതികവിദ്യകളും സ്മാർട്ട് ഡാറ്റയും പ്രയോജനപ്പെടുത്തിയാണ് ആർ.ടി.എ സംയോജിത സ്മാർട്ട് നിരീക്ഷണ സംവിധാനം നടപ്പാക്കുന്നത്
നിരീക്ഷണത്തിനായി സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം, ഐ.ഒ.ടി സാങ്കേതികവിദ്യയിലുള്ള നിരീക്ഷണ ഉപകരണങ്ങൾ, കാമറകൾ എന്നിവ ഡെലിവറി ബൈക്കുകളിൽ ഘടിപ്പിക്കും. ഈ ഉപകരണങ്ങളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുകയും ചെയ്യും. 2027 ജൂണിനുള്ളിൽ ബൈക്കുകളിൽ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന നടപടി പൂർത്തിയാക്കണം. ഇതിനായി കമ്പനികൾക്ക് ആവശ്യമായ പിന്തുണയും നിർദേശങ്ങളും ആർ.ടി.എ നൽകും. ഈ കാലയളവിന് ശേഷമാണ് പദ്ധതി നിർബന്ധമാക്കുക.
അമിതവേഗത, പെട്ടെന്നുള്ള ആക്സിലറേഷൻ, പൊടുന്നനെയുള്ള ബ്രേക്ക് ഇടൽ, സഞ്ചാരരീതികൾ തുടങ്ങിയ വിവരങ്ങൾ ഈ സിസ്റ്റം തത്സമയം ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്യും. ദുബൈ പൊലീസിന്റെയും മറ്റ് അതോറിറ്റികളുടെയും സഹകരണത്തോടെ തയാറാക്കിയ ഈ പ്ലാറ്റ്ഫോം വഴി ഡ്രൈവർമാരുടെ സുരക്ഷിതമല്ലാത്ത ഡ്രൈവിങ് രീതികൾ കൃത്യമായി തിരിച്ചറിയാനാകും. ആവശ്യമെങ്കിൽ സമയബന്ധിതമായി മാറ്റങ്ങൾ വരുത്താനും ഡെലിവറി കമ്പനികൾക്ക് സാധിക്കും.
ദുബൈയിൽ ഡെലിവറി ബൈക്കുകളുടെ എണ്ണം അതിവേഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷയും ഗവേണൻസും വർധിപ്പിക്കാൻ ഈ ഡിജിറ്റൽ സംവിധാനം ഏറെ സഹായകരമാകും. ദുബൈയെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും സ്മാർട്ടുമായ നഗരമാക്കി മാറ്റാനുള്ള ആർ.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഡെലിവറി കമ്പനികളുടെ സേവന നിലവാരം ഉയർത്തുന്നതിനും ഫ്ലീറ്റ് മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് ആർ.ടി.എ ലൈസൻസിങ് ആക്റ്റിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സഈദ് അൽ റംസി വ്യക്തമാക്കി.

