ഡ്രൈവിങ് ലൈസൻസിന് ‘നെക്സ്റ്റ്-ജനറേഷൻ സ്മാർട്ട് ടെസ്റ്റ് സിസ്റ്റം’ അവതരിപ്പിച്ച് ആർ.ടി.എ; ടെസ്റ്റിലെ പിഴവുകൾ ഇനി കണ്ടുമനസ്സിലാക്കാം...
text_fieldsദുബൈ: ദുബൈയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നവർക്കായുള്ള യാർഡ് ടെസ്റ്റിങ് രീതി കൂടുതൽ സുതാര്യവും കൃത്യവുമാക്കാൻ ‘നെക്സ്റ്റ്-ജനറേഷൻ സ്മാർട്ട് ടെസ്റ്റ് സിസ്റ്റം’ അവതരിപ്പിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ), കമ്പ്യൂട്ടർ വിഷൻ, അഡ്വാൻസ്ഡ് ഡാറ്റാ അനലിറ്റിക്സ് എന്നിവ സമന്വയിപ്പിച്ചാണ് ലൈറ്റ് വെഹിക്കിൾ യാർഡ് ടെസ്റ്റുകൾക്കായി ഈ അത്യാധുനിക സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഡ്രൈവിങ് പരീക്ഷകളിൽ നിഷ്പക്ഷത ഉറപ്പുവരുത്താനും അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് റോഡ് സുരക്ഷ വർധിപ്പിക്കാനും ഇത് സഹായിക്കും.
ഡ്രൈവിങ് പരീക്ഷകൾ കൂടുതൽ കൃത്യമായ മാനദണ്ഡങ്ങളോടെ വിലയിരുത്താൻ ഈ പുതിയ സ്മാർട്ട് സംവിധാനം വഴിയൊരുക്കുമെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസിയിലെ ഡ്രൈവേഴ്സ് ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ അക്റാഫ് വ്യക്തമാക്കി. പരീക്ഷാ ഫലങ്ങൾ കണക്കാക്കുന്നതിൽ മനുഷ്യ ഇടപെടലുകൾ ഒഴിവാക്കാൻ ഇതുവഴി കഴിയും. പഠിതാക്കൾക്ക് തങ്ങളുടെ പ്രകടനം എങ്ങനെയുണ്ടായിരുന്നുവെന്നും പിഴവുകൾ എവിടെയാണ് സംഭവിച്ചതെന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്ന ദൃശ്യരൂപത്തിലുള്ള ഫീഡ്‌ബാക്കും ഇത് നൽകുന്നു.
അത്യാധുനിക സാങ്കേതികവിദ്യകളാണ് ടെസ്റ്റ് വാഹനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൾമാറാട്ടം തടയാൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ വഴി ലേണറുടെ ഐഡന്‍റിറ്റി ഉറപ്പുവരുത്തും. കൂടാതെ, ‘റിയൽ-ടൈം കൈനമാറ്റിക്’ പൊസിഷനിങ് ടെക്നോളജി ഉപയോഗിക്കുന്നതിലൂടെ രണ്ടു സെന്‍റീമീറ്റർ വരെയുള്ള കൃത്യതയോടെ വാഹനത്തിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കാനാകും. പരീക്ഷ നടക്കുമ്പോൾ വാഹനത്തിന്‍റെ സഞ്ചാരപാതയും തെറ്റുകൾ സംഭവിച്ച സ്ഥലങ്ങളും ഇന്‍ററാക്ടീവ് ത്രീഡി മാപ്പിലൂടെ രേഖപ്പെടുത്തും.
ഡ്രൈവിങ്ങിലെ പ്രധാന സുരക്ഷാ ശീലങ്ങൾ വിലയിരുത്താൻ സ്മാർട്ട് കാമറകൾ ഉപയോഗിച്ച് ലേണറുടെ ഹാൻഡ് പൊസിഷൻ, മിറർ പരിശോധന, ബ്ലൈൻഡ്-സ്പോട്ട് ചെക്കുകൾ എന്നിവ സിസ്റ്റം സ്വയം നിരീക്ഷിക്കുന്നു. ടെസ്റ്റിനിടെ അപകടങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകുന്ന തരത്തിലും, അപകടസാധ്യത കണ്ടാൽ സ്വയം ബ്രേക്ക് പ്രയോഗിക്കുന്ന തരത്തിലുമുള്ള ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് സംവിധാനവും ഇതിലുണ്ട്. ഏത് കാലാവസ്ഥയിലും രാപകലില്ലാതെ ഈ സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിക്കും.
പരീക്ഷ പൂർത്തിയാക്കിയ ശേഷം പഠിതാക്കൾക്ക് തങ്ങളുടെ ഡ്രൈവിങ് യാത്രയുടെ ദൃശ്യങ്ങൾ റീപ്ലേ ചെയ്ത് കാണാൻ കഴിയും. തെറ്റുകൾ എവിടെ സംഭവിച്ചുവെന്നും അതിനുള്ള കാരണങ്ങൾ എന്താണെന്നും ദൃശ്യ തെളിവുകളോടെ മനസ്സിലാക്കാൻ സാധിക്കും. തോറ്റവർക്കും ജയിച്ചവർക്കും തങ്ങളുടെ പ്രകടനത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ ഇത് ഉപകരിക്കും.
ഈ സ്മാർട്ട് സംവിധാനത്തിൽനിന്ന് ലഭിക്കുന്ന ഡാറ്റ ലേണേഴ്സിന്‍റെ പരിശീലന സമ്പ്രദായവുമായി ബന്ധിപ്പിക്കും. ഇത് ഓരോ വ്യക്തിയുടെയും ഡ്രൈവിങ്ങിലെ പോരായ്മകൾ കണ്ടെത്തി, അതനുസരിച്ച് പരിശീലന പ്രോഗ്രാമുകൾ ക്രമീകരിക്കാനും ഡ്രൈവിങ് നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സുരക്ഷിതവും സ്മാർട്ടുമായ ഗതാഗത സംവിധാനം കെട്ടിപ്പടുക്കാനുള്ള ദുബൈയുടെ ലക്ഷ്യങ്ങൾക്ക് കരുത്തു പകരുന്നതാണ് ആർ.ടി.എയുടെ ഈ പുതിയ ചുവടുവെപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

