മോട്ടോർ സൈക്കിൾ വാടക സ്ഥാപനങ്ങളിൽ ആർ.ടി.എ പരിശോധന
text_fieldsആർ.ടി.എ ഉദ്യോഗസ്ഥൻ വാഹനങ്ങൾ പരിശോധിക്കുന്നു
ദുബൈ: വിനോദ സവാരികൾക്ക് ഉപയോഗിക്കുന്ന മോട്ടോർ സൈക്കിളുകൾ വാടകക്ക് നൽകുന്ന സ്ഥാപനങ്ങളിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നടത്തിയ പരിശോധനകളിൽ 31 നിയമലംഘനങ്ങൾ കണ്ടെത്തി. അൽ അവീറിലെ 48 കാമ്പുകളിലായി പ്രവർത്തിക്കുന്ന 58 സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഇതിൽ 41 ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ 31 നിയമലംഘനങ്ങൾ കണ്ടെത്തുകയും ഇവർക്ക് നോട്ടിസ് നൽകുകയും ചെയ്തതായി ആർ.ടി.എ അറിയിച്ചു.
ഇൻഷൂറൻസ് പുതുക്കാതിരിക്കുക, ആർ.ടി.എ അംഗീകരിച്ച സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, ലൈസൻസില്ലാത്ത വാഹനങ്ങൾ വാടകക്ക് നൽകുക, നമ്പർ പ്ലേറ്റുകളില്ലാതെ മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുക, വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഹെൽമറ്റ് ഉൾപ്പെടെയുള്ള സുരക്ഷ ഉപകരണങ്ങൾ ധരിക്കുന്നതിൽ വീഴ്ചവരുത്തുക തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. വിനോദ ആവശ്യങ്ങൾക്കുള്ള മോട്ടോർ വാഹനങ്ങൾ വാടകക്ക് നൽകുന്ന എമിറേറ്റിലെ എല്ലാ സ്ഥാപനങ്ങളും ഉപഭോക്താക്കളുടെ സുരക്ഷക്കായുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമപാലനം സംബന്ധിച്ച് അവബോധം ഉയർത്താനും ലക്ഷ്യമിട്ടായിരുന്നു പരിശോധന കാമ്പയിൻ സംഘടിപ്പിച്ചതെന്ന് ആർ.ടി.എയുടെ ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സഈദ് അൽ റംസി പറഞ്ഞു. ബോധവത്കരണത്തിന്റെ ഭാഗമായി ഇംഗ്ലീഷിലും അറബിയിലുമുള്ള നോട്ടിസുകളും വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

