എട്ടാം വർഷവും സഞ്ചരിക്കുന്ന ഭക്ഷണശാല ഒരുക്കി ആർ.ടി.എ
text_fieldsദുബൈ: സായിദ് വർഷത്തിലെ റമദാനിൽ ഒട്ടനവധി സേവന പദ്ധതികളുമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). യാത്രക്കാർക്കും തൊഴിലാളികൾക്കും നോമ്പ്തുറ ഭക്ഷണം എത്തിച്ചു നൽകുന്ന മീൽസ് ഒാൺ വീൽസ് പദ്ധതി എട്ടാം വർഷവും തുടരുമെന്ന് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ മൊഅസ അൽ മറി വ്യക്തമാക്കി. അഞ്ചു ബസുകളിലായി അയ്യായിരം ഭക്ഷണ പൊതികൾ ബസ് സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, തൊഴിലാളികളുടെ ക്യാമ്പുകൾ എന്നിവിടങ്ങളിൽ എത്തിച്ചു നൽകും. ട്രാഫിക് സിഗ്നലുകൾക്കരികിൽ അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷനിലെ വളണ്ടിയർമാരും ആർ.ടി.എ ഉദ്യോഗസ്ഥരും ചേർന്ന് വിതരണവും നടത്തും.
തിരക്ക് കുറച്ചും അപകടങ്ങൾ ഒഴിവാക്കിയും സമാധാനവും സന്തോഷവും വർധിപ്പിക്കാൻ ഇൗ പദ്ധതി സഹായകമാവും. ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിനെത്തുന്ന മത്സരാർഥികൾ, വിധികർത്താക്കൾ, പ്രഭാഷകർ, വിശിഷ്ടാതിഥികൾ എന്നിവർക്ക് സഞ്ചരിക്കാൻ വി.െഎ.പി വാഹനങ്ങളും ആർ.ടി.എ ഒരുക്കും.
ദുബൈ,ഷാർജ, അജ്മാൻ എന്നിവിടങ്ങളിലായി യൂനിയൻ കോ ഒാപ്പറേറ്റിവ് സൊസൈറ്റിയുമായി സഹകരിച്ച് 400 വയോധികർക്കും നിർധന കുടുംബങ്ങൾക്കും റമദാൻ റേഷൻ ലഭ്യമാക്കും. തുഖോർ സോഷ്യൽ ക്ലബുകളിൽ വയോധികർക്കായി ഇഫ്താർ ഒരുക്കും. വനിതാ കമ്മിറ്റിയുടെ ഫർഹത് ഇൗദ് (പെരുന്നാൾ സന്തോഷങ്ങൾ) പദ്ധതി ഏറെ ശ്രദ്ധേയമാണ്. കുറഞ്ഞ വരുമാനക്കാരായ കുഞ്ഞുങ്ങളെ ഷോപ്പിങ് മാളുകളിൽ കൊണ്ടുപോയി അവർക്കാവശ്യമായ പെരുന്നാൾ ഉടുപ്പുകളും സമ്മാനങ്ങളും ഒരുക്കി നൽകുന്ന പദ്ധതിയാണത്. എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിട്യുട്ടിലും ദുബൈ ഡ്രൈവിങ് സെൻററിലും 1000 ട്രക്ക് ഡ്രൈവർമാർക്ക് റമദാൻ സമ്മാനങ്ങൾ നൽകാനും പദ്ധതിയുണ്ടെന്ന് മൊഅസ അൽ മറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
