ബസ് സർവിസുകളിൽ സുരക്ഷ ഉറപ്പാക്കി ആർ.ടി.എ
text_fieldsബസ് സർവിസ് പരിശോധിക്കുന്ന ആർ.ടി.എ ഉദ്യോഗസ്ഥൻ
ദുബൈ: ചാർട്ടേഡ് ബസുകൾ, ടൂറിസ്റ്റ് ബസുകൾ, അന്താരാഷ്ട്ര ബസ് സർവിസുകൾ എന്നിവയടക്കം എല്ലാ തരത്തിലുള്ള യാത്രാ ഗതാഗത സംവിധാനങ്ങളിലും നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ഇത്തരം യാത്രാ സേവന സംവിധാനങ്ങളിൽ 15,575 പരിശോധനകൾ പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്ന് നഗരത്തിലെത്തിയ താമസക്കാർക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനുള്ള ആർ.ടി.എയുടെ പരിശ്രമത്തെ പിന്തുണക്കണമെന്നും സർവിസ് ഓപറേറ്റർമാരോട് പ്രസ്താവന ആവശ്യപ്പെട്ടു.
യാത്രാ സേവന രംഗത്തെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുന്നതിന് അതോറിറ്റി ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായാണ് പരിശോധനകൾ പൂർത്തിയാക്കിയത്. സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യമായ ലൈസൻസുകൾ നേടിയിട്ടുണ്ടോ എന്നതുമാണ് പരിശോധനയിൽ ഉൾക്കൊള്ളിച്ചതെന്ന് ആർ.ടി.എയിലെ പൊതുഗതാഗത ഏജൻസിയിലെ പാസഞ്ചർ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സഈദ് അൽ ബലൂഷി പറഞ്ഞു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ-ഹത്ത ബോർഡർ പോസ്റ്റ്), ദുബൈ പൊലീസ് എന്നിവയടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകൾ നടന്നത്.ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടപടികളുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

