യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കി ആർ.ടി.എ
text_fieldsദുബൈ: ദുബൈയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) 2026ന്‍റെ ആദ്യ പകുതിയിൽ യാത്രാ ഗതാഗത മേഖലയിലെ പരിശോധനകളും നിരീക്ഷണങ്ങളും ഊർജ്ജിതമാക്കി. പൊതുഗതാഗതം, സ്കൂൾ ബസുകൾ, ടൂറിസ്റ്റ് ബസുകൾ, ചാർട്ടേഡ് ബസുകൾ എന്നിവ കേന്ദ്രീകരിച്ച് 16 ലക്ഷത്തിലധികം പരിശോധനകളാണ് ആർ.ടി.എ നടത്തിയത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 15 ലക്ഷമായിരുന്നു. പരിശോധന കാര്യക്ഷമമാക്കിയതോടെ ഗതാഗത മേഖലയിലെ സുരക്ഷയും നിയമനിർദേശ പാലനവും ഗണ്യമായി വർധിച്ചിട്ടുണ്ട്. പരിശോധനകൾ വർധിച്ചതോടെ നിയമലംഘനങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2026 ആദ്യപകുതിയിൽ 30,000 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷത്തെ 38,000ത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്‍റെ കുറവാണിത്. കൂടാതെ, എയർപോർട്ട് സെക്യൂരിറ്റി, സി.ഐ.ഡി എന്നിവയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളിൽ അനധികൃത വാഹനം ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങളിലെ നിയമലംഘനങ്ങൾ 57 ശതമാനവും, വാഹനം ഉപേക്ഷിച്ച് ഡ്രൈവർമാർ കടന്നുകളഞ്ഞ സംഭവങ്ങൾ 48 ശതമാനവും കുറഞ്ഞു.
വിവിധ മേഖലകളിലെ സേവനങ്ങളിൽ മികച്ച പ്രതികരണമാണ് ആർ.ടി.എക്ക് ലഭിച്ചത്. 12 ലക്ഷത്തിലധികം പരിശോധനകൾ നടന്ന പൊതുഗതാഗത മേഖലയിൽ 97.8 ശതമാനമാണ് നിയമ അനുസരണ നിരക്ക്. സ്കൂൾ ബസ് മേഖലയിൽ 8,000ത്തിലധികം പരിശോധനകൾ പൂർത്തിയാക്കിയപ്പോൾ 92 ശതമാനം അനുസരണ നിരക്കും 654 നിയമലംഘനങ്ങളും രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം കുറവാണിത്. ടൂറിസ്റ്റ്, ചാർട്ടേഡ് ബസ് മേഖലകളിൽ 12,000 പരിശോധനകളിലൂടെ 95 ശതമാനം അനുസരണ നിരക്ക് കൈവരിക്കാൻ ആർ.ടി.എക്ക് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

